ചെന്നൈ: അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അതി സാഹസികമായി രക്ഷപ്പെടുത്തിയതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. നിരന്തരമായ സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്.
ഐ.ടി. കമ്പനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യയെ ( 32 ) ആണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലിരിക്കവെയാണ് മരണം. കുഞ്ഞ് നാലാം നിലയിൽ നിന്നും വീണത് അമ്മയുടെ അശ്രദ്ധ കാരണമാണെന്ന് വിമർശനം രമ്യക്കുണ്ടായിരുന്നു. വിഷയത്തിൽ വലിയ സൈബർ ആക്രമണമായിരുന്നു രമ്യ നേരിട്ടത്.
കഴിഞ്ഞ മാസം 28 ന് തിരുമുള്ളവയിലുള്ള അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കവേയാണ് അപകടം നടന്നത്. ഭക്ഷണം നൽകവേ രമ്യയുടെ കയ്യിൽ നിന്നും കുഞ്ഞ് താഴേക്ക് വഴുതി വീഴുകയായിരുന്നു. ഒന്നാം നിലയിലെ പാരപ്പെറ്റിലെ ഷീറ്റിൽ കുഞ്ഞ് തങ്ങി നിൽക്കുകയും അയൽവാസികൾ സാഹസികമായി കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് യുവതിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും കൂടി കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തകർന്നു. തുടർന്ന് വിഷാദ രോഗത്തിന് ചികിത്സ തേടുകയും ചെയ്തു.
രമ്യയും മക്കളും രണ്ട് ആഴ്ച മുൻപാണ് മേട്ടുപാളയത്തുള്ള സ്വന്തം വീട്ടിലേക്ക് പോയത്.
ശനിയാഴ്ച രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് അഞ്ച് വയസുള്ള ഒരു മകൻ കൂടിയുണ്ട്.
Content Highlight: cyber bullying mother killed herself in Chennai