കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.
പ്രബുദ്ധ കേരളത്തിന് ഇത് ഭൂഷണമല്ല. ചെറിയ പ്രായത്തിലെ ജനപ്രതിനിധിയായ ആര്യ രാജേന്ദ്രന്‍ രാജ്യത്തിന് അഭിമാനമാണ്. സമൂഹ്യ മാധ്യമങ്ങളിലൂടെ ആര്യയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പി. സതീദേവി കോഴിക്കോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന് എതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപമടക്കമുള്ള കാര്യങ്ങളും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവുമായി വിവാഹം തീരുമാനിച്ച സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായത്. വലത്-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നായിരുന്നു ആര്യയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നത്.
പി. സതീദേവി
മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള അശ്ലീലവും ദ്വയാര്‍ത്ഥപരമായ കമന്റുകള്‍ വരുന്നിരുന്നു.
‘ഇന്ത്യയിലെ പ്രായം കുറഞ്ഞ് തേപ്പുകാരി’, ‘എന്തിന് തേച്ചൂ മേയരൂറ്റി’, ‘തേപ്പ് എന്ന വാക്കി മാറ്റി ഇനി മേയറടി എന്നാക്കിയാലോ’ തുടങ്ങിയ കമന്റുകളാണ് എത്തിയിരുന്നത്.
മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് മുതലാണ് മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ വിദ്വേഷ സൈബര്‍ ആക്രമണം നടന്നത്.
സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു സ്മൃതിക്ക് നേരെയുള്ള വിദ്വേഷ പ്രചാരണം. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് സ്മൃതി.
CONTENT HIGHLIGHTS: Cyber attacks on Mayor Arya Rajendran and Smruthy Paruthikad never be accepted, says State Women’s Commission chairperson P. Satidevi.