കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫോണ്‍ വിളിച്ചും വാട്‌സ് ആപ്പിലൂടെയും വധഭീഷണിയടക്കം നടക്കുന്നുവെന്നാണ് കാക്കനാട് സൈബര്‍ ക്രൈം പൊലീസില്‍ നല്‍കിയ പരാതിയില്‍ സുരാജ് ഉന്നയിക്കുന്നത്.
ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബര്‍ ആക്രമണം നടന്നതെന്നും നടന്‍ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്ട്‌സ്ആപ്പ് കോള്‍ വഴിയും അനോണിമസ് നമ്പരുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി.
മണിപ്പൂര്‍ സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച സുരാജ് ആലുവ സംഭവത്തില്‍ നടന്‍ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഫോണ്‍ ഓണ്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും സുരാജ് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പരാതിയില്‍ കാക്കനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടനെതിരെ നടന്നത്.
അതേസമയം ആലുവയില്‍ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും അദ്ദേഹം വേദനയോടെ പങ്കുവെച്ചിരുന്നു.
content highlights: cyber attack; Suraj Venjaramood lodged a complaint with the police