ലക്ഷദ്വീപ് വാര്‍ത്തകള്‍ നല്‍കിയ മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വ്യക്തിഹത്യ; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പത്രപ്രവര്‍ത്തക യൂണിയന്റെ പരാതി
Kerala News
ലക്ഷദ്വീപ് വാര്‍ത്തകള്‍ നല്‍കിയ മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വ്യക്തിഹത്യ; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പത്രപ്രവര്‍ത്തക യൂണിയന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th June 2021, 6:47 pm

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനദ്രോഹ നടപടിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്ന് മീഡിയ വണ്‍ കൊച്ചി ബ്യൂറോയിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ ഷബ്‌ന സിയാദിന് നേരെ സൈബര്‍ ആക്രമണം.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തയും ദുഷ്പ്രചരണവുമാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഷബ്‌ന ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘ലക്ഷദ്വീപ് സംഭവം ആര്‍ജ്ജവത്തോടെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെന്നെ നിലക്ക് മാത്രമാണ് എനിക്കെതിരെ ചില ഓണ്‍ലൈന് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയത്. പത്രപ്രവര്‍ത്തക യൂണിയന്‍ കൂടെയുണ്ട്. ഇനി നിയമത്തിന്റെ വഴിക്ക് നീങ്ങാം,’ ഷബ്‌ന പറഞ്ഞു.

ലക്ഷദ്വീപ് വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഷബ്‌ന സിയാദിന് നേരെ ചില ഓണ്‍ലൈന്‍ ചാനല്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും വ്യാജ പ്രചരണങ്ങളും നടത്തിയിരുന്നു.

വിഷയത്തില്‍ ഇടപെടണമെന്ന് കെ.യു.ഡെബ്ല്യു.ജെ. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഷബ്‌നക്ക് നേരെയുള്ള ആക്രമണം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ കേരള പത്രപ്രവര്‍ത്തക യൂണിയന്‍, വ്യാജ പ്രചാരകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് കെ.യു.ഡബ്ല്യു.ജെ. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Cyber ​​attack on Special Correspondent at Media One Kochi Bureau Shabna Siyad