| Saturday, 12th November 2022, 7:37 pm

'ഇവിടെ ആമ്പിള്ളേര്‍ ഇല്ലാഞ്ഞിട്ടാണോ ശത്രു രാജ്യക്കാരനെ തെരഞ്ഞെടുത്തത്'; വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയക്ക് നേരെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയക്ക് നേരെ സൈബര്‍ ആക്രമണം.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ ലിങ്കുകളുടെ കമന്‍ ബോക്‌സുകളും ട്വിറ്റര്‍ ഫീഡുകളിലുമാണ് അധിക്ഷേപ കമന്റുകളുള്ളത്. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളാണ് ഈ വിദ്വേഷ പ്രചരണത്തിന് പിന്നില്‍.

‘ഇന്ത്യയില്‍ ആമ്പിള്ളേര്‍ ഇല്ലായിരുന്നല്ലോ. ഇന്ത്യയെ പറ്റാത്തത് കാരണമാണ് ശത്രു രാജ്യത്തെ ശത്രുവിനെ തെരഞ്ഞെടുത്തത്.

ഇവള്‍ക്ക് ഇത് തന്നെ കിട്ടണം, പാകിസ്ഥാനിയെ തേടി പോയ അവളുടെ കാര്യം നമ്മള്‍ എന്തിന് ചര്‍ച്ച ചെയ്യണം? അത് പാകിസ്ഥാനികള്‍ക്ക് വിടൂ,

സാനിയ പകല്‍ ഇന്ത്യക്കും രാത്രിയില്‍ പാകിസ്ഥാനും വേണ്ടി കളിക്കുന്ന താരമാണ്, ഇവളെപ്പോലെ കുറെ എണ്ണം ഉണ്ട്. ചോറ് ഇന്ത്യയിലും കൂറ് പാകിസ്ഥാനിലും,’ തുടങ്ങിയ കമന്റുകളാണ് വിദ്വേഷ പ്രചാരകര്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ സാനിയക്ക് പിന്തുണയുമായും വിദ്വേഷ പ്രചാരകര്‍ക്കെതിരെയും ചില കമന്റുകളുണ്ട്. വ്യക്തിഗത കാര്യങ്ങളിലെങ്കിലും മനുഷ്യരെ വെറതെവിട്ടൂടെ എന്നാണ് മറുപടി കമന്റുകള്‍.

അതേസമയം, വിവാഹമോചനത്തെ സംബന്ധിച്ച് ഇരു താരങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാലികിന്റെയും സാനിയയുടെയും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കും വിവാഹിതരാകുന്നത്. 2018ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു. മകനൊപ്പം ദുബായിലാണ് സാനിയ മിര്‍സ നിലവില്‍ കഴിയുന്നത്.

ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിര്‍സ. വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ റാങ്കിങ്ങില്‍ അമ്പതിനുള്ളിലെത്തിയതും താരത്തിന്റെ പ്രധാന കരിയര്‍ നേട്ടമാണ്.

CONTENT HIGHLIGHT: Cyber ​​attack on Sania Mirza after divorce news

We use cookies to give you the best possible experience. Learn more