കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ട്രോളുകള്‍ക്ക് പിന്നാലെ നിഷ പുരുഷോത്തമനെതിരെ സൈബര്‍ അറ്റാക്ക്: രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala News
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ട്രോളുകള്‍ക്ക് പിന്നാലെ നിഷ പുരുഷോത്തമനെതിരെ സൈബര്‍ അറ്റാക്ക്: രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 10:37 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്നുള്ള ട്രോളുകളാണ് നിഷയ്ക്ക് നേരെയുള്ള സൈബര്‍ ആക്രണങ്ങളില്‍ കാലാശിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘റോഡ് മുറിച്ചു കടന്ന മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെ വാനിടിച്ച് തെറിപ്പിച്ച ശേഷം കെ.എസ്.ആര്‍.ടി.സി ബസ് കയറി മരിച്ചു. നിഷ പുരുഷോത്തമന് ആദരാജ്ഞലികള്‍.’ എന്ന് പറഞ്ഞ് വീഡിയോ വന്നതിന് പിന്നാലെയാണ് രാഹുല്‍ രംഗത്തെത്തിയത്.

‘ഒരാള്‍ മരിച്ചാല്‍ പോലും അത് വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടാത്ത, അതില്‍ നൊമ്പരപ്പെടുന്ന മനുഷ്യരാണ് ഭൂരിപക്ഷവും. അല്ലെങ്കില്‍ അത്തരക്കാരെയാണ് നാം മനുഷ്യര്‍ എന്ന് വിളിക്കുന്നത് തന്നെ. ഒരു സിനിമയിലെയോ, കഥയിലെയോ പോലും മരണം മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരുപാട് പേരുണ്ട്. അത്തരം മനുഷ്യര്‍ക്കിടയിലാണ് ക്രൂരരായ കമ്മ്യൂണിസ്റ്റുകള്‍ എന്ന ജീവികള്‍ നമുക്കിടയിലുള്ളത്.

ഈ നിമിഷവും ജീവനോടെയിരിക്കുന്ന ഒരു വനിതാ മാധ്യമ പ്രവര്‍ത്തക മരിച്ചുവെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്ന ഒരു അധമ ജീവിയെ കമ്മ്യൂണിസ്റ്റ് എന്നല്ലാതെ മറ്റെന്ത് വിളിക്കും? ആ ജീവി നടത്തുന്ന വിസര്‍ജ്യത്തെ നോക്കി ആര്‍പ്പു വിളിക്കുന്നവരെ പറയുന്ന പേരാണ് സഖാക്കള്‍.
വിയോജിപ്പുകളും വിമര്‍ശനങ്ങളുമാകാം, പക്ഷേ മനുഷ്യത്വമെന്നൊന്നു കൂടിയുണ്ട്. മനുഷ്യരല്ലാത്ത ഈ ജന്തുക്കള്‍ക്കെന്ത് മനുഷ്യത്വം അല്ലേ. more power to you Nisha Purushothaman,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.