|

'ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്'; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് പോസ്റ്റിട്ട ബി.ജെ.പിയുടെ ദല്‍ഹി വക്താവിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കലിപ്പ് തീര്‍ത്ത് മലയാളികള്‍.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പോത്തിനെ അറുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അതിന്റെ ലിങ്ക് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു തജീന്ദര്‍ ബഗ്ഗ. ഉടനെ തന്നെ അദ്ദേഹം മറ്റൊരു പോസ്റ്റും ഇതേക്കുറിച്ച് ഇട്ടു. എന്നാല്‍ പോത്തിനെ അറുക്കാനായി വില്‍ക്കുന്നത് നിരോധിച്ചതിന്റെ കലിപ്പില്‍ ഇരിക്കുന്ന മലയാളികള്‍ ആദ്യം ബഗ്ഗ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ ലിങ്ക് അടങ്ങിയ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.

മലയാളത്തിനുപുറമെ ബഗ്ഗയ്ക്ക് മനസിലാകുന്നതും ആകാത്തതുമായ പല ഭാഷകളിലും കമന്റുകളുണ്ട്. ഉത്തര്‍ പ്രദേശില്‍നിന്ന് അറബ് രാജ്യങ്ങളിലേയ്ക്കുള്‍പ്പെടെ കയറ്റി അയയ്ക്കുന്ന ബീഫ് മരത്തില്‍ ഉണ്ടാകുന്നതാണോ എന്നാണ് ഒരാള്‍ കമന്റിലൂടെ ചോദ്യമുന്നയിക്കുന്നത്.

“ഉള്ളിക്കറിയും” പൊറോട്ടയും ആസ്വദിച്ച് കഴിക്കുന്ന ബിജെപി നേതാക്കളുടെ ചിത്രങ്ങളും കമന്റിലുണ്ട്. കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തുന്ന ചിത്രങ്ങളും പലതരത്തിലുള്ള ബീഫ് വിഭവങ്ങളുടെ ചിത്രവും ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.


Also Read: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തിലുടനീളം പ്രതിഷേധമയുരുന്ന സാഹചര്യത്തിലായിരുന്നു ബി.ജെ.പി വക്താവിന്റെ പോസ്റ്റ്. നിരോധനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തു വന്നു കഴിഞ്ഞു. മലയാളികളുടെ ഭക്ഷണക്രമം ദല്‍ഹിയിലോ നാഗ്പൂരിലോ ഉള്ളവര്‍ തീരുമാനിക്കണ്ടെന്നായിരുന്നു അദ്ദേഹം ഇന്ന് ആലപ്പുഴയില്‍ പറഞ്ഞത്.

നിരോധനത്തില്‍ പ്രതിഷേധം കഴിഞ്ഞ ദിവസം കേരളത്തില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ബീഫ് ഫെസ്റ്റിവല്‍ നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ബഗ്ഗയുടെ വാളില്‍ കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Video Stories