| Wednesday, 7th September 2022, 10:29 pm

കയ്യില്‍ കെട്ടിയ ചരടിനെ അപമാനിച്ചു, 'മാപ്പ് പറയണം, സിനിമകള്‍ ബഹിഷ്‌കരിക്കും'; സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കയ്യില്‍ കെട്ടിയ ചരടിനെ അപമാനിച്ചുവെന്നാരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം. ഫ്‌ളവേഴ്‌സ് ചാനലില്‍ നടക്കുന്ന കോമഡി സൂപ്പര്‍ നൈറ്റ് പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേഷണം ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പരിപാടിക്കിടെ അവതാരകയായ അശ്വതി ശ്രീകാന്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന ചരട് കണ്ടതിന് ശേഷം ‘നന്നായിട്ട് സാരിയൊക്കെ ഉടുത്ത് അത്യാവശം ഗ്ലാമറൊക്കെ ഉണ്ട്, കയ്യില്‍ അനാവശ്യമായി ചരടുകള്‍, ചില ആലുകളിലൊക്കെ ഉള്ളത് പോലെ, ശരംകുത്തി ആലിന്റെ മുമ്പിലൊക്കെ കാണുന്നത് പോലെയുണ്ട്, വളരെ മോശമല്ലേ ഇതൊക്കെ,’ എന്നായിരുന്നു സുരാജിന്റെ പരാമര്‍ശം.

ഇന്ന് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുരാജ് പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കമന്റ് ബോക്‌സിലും താരത്തിനെതിരെ അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. സുരാജ് പണ്ട് ചരട് കെട്ടി നിന്ന് എടുത്ത ചിത്രങ്ങളും കമന്റ് ബോക്‌സില്‍ ചിലര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

‘കയ്യില്‍ ചരട് കെട്ടിയവരോടും നെറ്റിയില്‍ കുറിയിട്ടവരോടും ഇപ്പോള്‍ താങ്കള്‍ക്ക് പുച്ഛം ആയിരിക്കും കാരണം ഇപ്പോള്‍ നിങ്ങളുടെ സഹവാസം ഒരു പ്രത്യേക ജനുസില്‍പ്പെട്ടവരുടെ കുടെയാണല്ലോ, ഇനിയും അവാര്‍ഡുകളും, പദവികളും,അവസരങ്ങളും തേടിവരന്‍ ഹിന്ദു വിരുദ്ധന്‍ ആയി തുടരുക തന്നെ വേണം അത്രമേല്‍ ഹൈന്ദവ വിരുദ്ധയുടെ ഒരു ഇക്കോ സിസ്റ്റം കേരളത്തില്‍ രൂപപ്പെട്ടു വരുന്നു, അമ്പലങ്ങളില്‍ വരുന്ന കയ്യില്‍ ചരട് കെട്ടിയവരെയും ചന്ദനക്കുറി തൊടുന്ന ഹിന്ദു മതത്തിലെ സാധാരണ വിശ്വാസികള്‍ ഇട്ട കാണിക്കയില്‍ നിന്നും ഉണ്ടാക്കിയ അമ്പല പറമ്പിലെ സ്റ്റേജുകളില്‍ മിമിക്രി കളിച്ചു പതുക്കെ വളര്‍ന്ന ആള്‍ക്കാര്‍ മലയാള സിനിമയില്‍ എത്തിയപ്പോള്‍ കയ്യില്‍ ചരട് കെട്ടുന്നപോലെ ഉള്ള ഹിന്ദുക്കളുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും കാണുമ്പോള്‍ പുച്ഛം,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അസഭ്യങ്ങള്‍ ഉള്‍പ്പെട്ട കമന്റുകളും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

സുരാജിന്റെ സിനിമകളും ഷോകളും ബഹിഷ്‌കരിക്കുമെന്നും സുരാജ് മാപ്പ് പറയണമെന്നും കമന്റ് ബോക്‌സില്‍ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Cyber ​​attack on actor Suraj Venjaramood for allegedly insulting the string tied on his hand

We use cookies to give you the best possible experience. Learn more