| Wednesday, 26th July 2023, 4:01 pm

ഇഷ്ടം റോണോയോടാണെന്ന് പറഞ്ഞതില്‍ മെസി ആരാധകരുടെ സൈബര്‍ അറ്റാക്ക്; പ്രതികരിച്ച് അര്‍ജൈന്റൈ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ യാമില റോഡ്രിഗസിന്റെ ടാറ്റു ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.
ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രവും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവുമാണ് യാമില ടാറ്റു ചെയ്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് 25 കാരിയുടെ അഭിപ്രായം.

എന്നാല്‍ ഈ അഭിപ്രായം മെസി ആരാധകരുടെ സൈബര്‍ ആക്രമണത്തന് കാരണമായതോടെ വിഷയത്തില്‍ പ്രതികരിക്കുകയാണ് യാമില റോഡ്രിഗസ്. റോണോയെ ഇഷ്ടപ്പെടുന്നതുകൊണ്ട് താനൊരു മെസി വിരോധിയല്ലെന്ന് യാമില തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറഞ്ഞു.

‘ദയവായി തെറ്റായ പ്രചരണങ്ങള്‍ നിര്‍ത്തൂ, എനിക്ക് ഇതൊന്നും കേള്‍ക്കാന്‍ സമയമില്ല. മെസി വിരുദ്ധയാണെന്ന് ഏത് സമയത്താണ് ഞാന്‍ പറഞ്ഞത്.

മെസി ദേശീയ ടീമിലെ ഞങ്ങളുടെ മികച്ച ക്യാപ്റ്റനാണ്. പക്ഷേ എനിക്ക് പ്രചോദനം നല്‍കിയതും ആരാധന തോന്നിയതും റൊണാള്‍ഡോയോടാണ്. അത് വിചാരിച്ച് ഞാന്‍ മെസിയെ വെറുക്കുന്നു എന്നതിന് അര്‍ത്ഥമില്ല. പറയാത്ത കാര്യങ്ങള്‍ ദയയില്ലാതെ പറയുന്നത് ക്രൂരതയാണ്. ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള കളിക്കാര്‍ ഉണ്ടാകും,’ യാമില ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ ആരാധിക്കുന്നതിനും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും എന്താണ് പ്രശ്‌നമെന്നും യാമില ചോദിച്ചു.

‘നമ്മുടെ രാജ്യത്തെ കളിക്കാരെ മാത്രം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കണം എന്നതില്‍ എല്ലാവരും ബാധ്യസ്ഥരല്ല. ഇത് ഫുട്‌ബോള്‍ ആണ്. എല്ലാവര്‍ക്കും അവരുടെ മുന്‍ഗണനകളുണ്ട്. എനിക്ക് നേരെയുയര്‍ന്ന ചോദ്യങ്ങള്‍ വളരെയധികം വേദനിപ്പിക്കുന്നതാണ്,’ യാമില പറഞ്ഞു.

യാമില റോഡ്രിഗസാണ് ഇപ്പോള്‍ നടക്കുന്ന വനിതാ ലോകകപ്പിലെ അര്‍ജന്റൈനയുടെ സൂപ്പര്‍ താരം. കഴിഞ്ഞ സീസണില്‍ കൊളംബിയില്‍ നടന്ന കോപ്പയില്‍ ടോപ് സ്‌കോറായിരുന്നു യാമില. ക്ലബ്ബ് ലെവലില്‍ ബ്രസീലിയന്‍ ലീഗിലാണ് താരം കളിക്കുന്നത്.

Content  Highlight: Cyber ​​attack by Messi fans against Argentinian star for saying that he likes Cristiano Ronaldo

We use cookies to give you the best possible experience. Learn more