കണ്ണൂര്‍: വരനും വധുവും പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ നവദമ്പതിമാരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു.
വധു ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്.
വിവിധ ഗ്രൂപ്പ് അഡ്മിന്‍മാരാണ് അറസ്റ്റിലായവര്‍. ഇതിനെത്തുടര്‍ന്ന് പല വാട്‌സാപ്പ് ഗ്രൂപ്പുകളും പിരിച്ച് വിട്ടു. റോബിന്‍ജോസഫിനെയായിരുന്നു പൊലീസ് ഒന്നാം പ്രതിയാക്കിയത്. എന്നാല്‍ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ മൊഴി നല്‍കിയതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
വിദേശത്ത് നിന്നടക്കം നിരവധി പേര്‍ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഇനിയും നിരവധിപേര്‍ അറസ്റ്റിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠാപുരം പൊലീസാണ് കേസ് രജിസ്സറ്റര്‍ ചെയ്തിട്ടുള്ളത്.
ദമ്പതികളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഗള്‍ഫിലുള്ളവര്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് പത്രത്തില്‍ വന്ന ജൂബിയുടെയും അനൂപിന്റെയും വിവാഹ ഫോട്ടോവെച്ച് അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി ചിലര്‍ പ്രചരിപ്പിച്ചത്. വധുവിന് പ്രായം കൂടുതലാണെന്നും കാശ് കണ്ടിട്ടാണ് വരന്‍ വിവാഹം ചെയ്തതെന്നുമായിരുന്നു സൈബര്‍ രോഗികളുടെ പ്രചരണം.
DoolNews Video