കായംകുളം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റിട്ട കായംകുളം എം.എല്‍.എ യു പ്രതിഭയ്ക്ക് നേരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോഷ പ്രകടനം.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികളില്‍ കാത്തു ലാബുകള്‍ അനുവദിച്ചെന്ന മന്ത്രിയുടെ പോസ്റ്റിനു താഴെയായിരുന്നു പ്രതിഭയുടെ കമന്റ്.
തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിഭ പരാതിപ്പെട്ടത്. ഇതാണ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോഷത്തിനു കാരണം.
ഒരു മന്ത്രിയോട് എം.എല്‍.എക്ക് ചോദിക്കാനുള്ള കാര്യങ്ങള്‍ നേരിട്ടു ചോദിക്കാതെ പ്രശസ്തിക്കു വേണ്ടിയല്ലേ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്നു കമന്റ് ഇടുന്നതെന്ന് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നു.
പ്രതിഭാ ഹരിക്ക് വകതിരിവ് തീരെയില്ലെന്നും പാര്‍ട്ടി എം.എല്‍.എക്ക് സഹായം വല്ലതും കിട്ടണമെങ്കില്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിലവിളിക്കേണ്ട അവസ്ഥ എത്തിയെന്നും ചിലര്‍ പ്രതികരിക്കുന്നു.
‘ഇങ്ങനെയാണോ പാര്‍ട്ടിയുടെ കീഴ്‌വഴക്കമെന്നും ബ്രാഞ്ച് മുതല്‍ ഓരോ പാര്‍ട്ടി മെമ്പര്‍മാരും പാലിക്കേണ്ട ചില അച്ചടക്കങ്ങള്‍ എം.എല്‍.എയ്ക്ക് അറിയില്ലേയെന്നുമാണ് ചിലരുടെ ചോദ്യം.
ഫേസ്ബുക്ക് എം.എല്‍.എമാര്‍ നമുക്ക് ചേരില്ല സഖാവേ..നേരിട്ടു കണ്ടു തീരുമാനം ഉണ്ടാക്കാന്‍ അവസരം ഉള്ളപ്പോള്‍ പൊതുവേദിയില്‍ എന്തിനീ പ്രഹസനം?’ ഇത്തരത്തില്‍ ഒട്ടേറെ കമന്റുകളാണ് എം.എല്‍.എയുടെ നടപടിയെ വിമര്‍ശിച്ച് എത്തുന്നത്.
തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണെന്നും തങ്ങളെ പോലെയുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചിരുന്നു.
ഇതോടെയാണ് സൈബര്‍ ഇടങ്ങളില്‍ രോഷം ഉയര്‍ന്നത്. ഇതിന് മറുപടിയുമായി എം.എല്‍.എ രംഗത്തെത്തി. ശൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നും താന്‍ വളരെ ബഹുമാനിക്കുന്ന സഖാവാണ് ശൈലജ ടീച്ചറെന്നും പ്രതിഭ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.