ടൊവിനോ തോമസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രം മരണമാസ്സ് കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. ബേസിലിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസുകള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവായ ടൊവിനോക്ക് നേരെ തീവ്രവലതുപക്ഷവാദികളുടെ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.
ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ള വ്യക്തി അഭിനയിച്ചതിനാല്‍ സൗദിയിലും കുവൈറ്റിലും നിരോധിച്ചിരുന്നു. ഇതിനെക്കുറിച്ച് ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ചോദിച്ചപ്പോള്‍ ടൊവിനോ പറഞ്ഞ മറുപടിയാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്.
കുവൈറ്റില്‍ സിനിമയുടെ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞുവെന്നും സൗദിയിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും ടൊവിനോ പറയുന്നു. അത് ഓരോ രാജ്യങ്ങളുടെ നിയമമാണെന്നും നമ്മുടെ രാജ്യമാണെങ്കില്‍ അത് ചോദ്യം ചെയ്യാമായിരുന്നുവെന്നും മറ്റുരാജ്യങ്ങളുടെ നിയമം അങ്ങനെയാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.
താന്‍ 2019ല്‍ സൗദിയില്‍ പോയിട്ടുണ്ടെന്നും അടുത്തിടെ പോയപ്പോള്‍ വലിയ മാറ്റമാണ് ആ രാജ്യത്തിനുണ്ടായതെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് നമ്മുടെ രാജ്യത്തിന് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടായതെന്ന് ചിന്തിക്കണമെന്നും ടൊവിനോ പറഞ്ഞിരുന്നു. ഇതിലെ അവസാനഭാഗമാണ് പലരെയും ചൊടിപ്പിച്ചത്. ടൊവിനോയുടെ ഈ പ്രസ്താവനക്കെതിരെ തീവ്രവലതുപക്ഷ സ്വഭാവമുള്ള പ്രൊഫൈലുകള്‍ രംഗത്തുവന്നിരിക്കുകയാണ്.
ടൊവിനോയുടെ ഫേസ്ബുക്ക് പേജില്‍ താരത്തെ അധിക്ഷേപിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ‘സൗദിയിലെ പൗരത്വം എടുത്താല്‍ പോരെ, നിന്നെപ്പോലുള്ള പാഴുകളെ താങ്ങിനിര്‍ത്തുന്ന ഭാരതത്തിന്റെ മണ്ണിന് ആശ്വാസം കിട്ടട്ടെ’, ‘കേരളത്തെക്കുറിച്ച് രണ്ട് വാക്ക് പറയാന്‍ ധൈര്യമുണ്ടോ’ എന്നൊക്കെ പലരും കമന്റ് ബോക്‌സില്‍ ചോദിക്കുന്നുണ്ട്.
പൃഥ്വിരാജിനെ ജിഹാദിയെന്ന് ആരോപിച്ചതുപോലെ ടൊവിനോക്ക് നേരെയും ഇക്കൂട്ടര്‍ ജിഹാദി എന്ന് ആരോപിക്കുന്നുണ്ട്. ‘മട്ടാഞ്ചേരി മാഫിയയുടെ എച്ചില്‍ നക്കി ജീവിക്കുന്നവന്‍’ ടൊവിനോയെ അധിക്ഷേപിക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂലിയായ അഡ്വക്കേറ്റ് കൃഷ്ണരാജും ടൊവിനോക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ‘ഊക്കേജി സെന്റര്‍ പൊട്ടക്കിണറ്റിലെ തവളയുടെ കരച്ചില്‍’ എന്നാണ് ടൊവിനോയുടെ അഭിപ്രായത്തെ കൃഷ്ണരാജ് വിമര്‍ശിച്ചത്.
സൗദിയില്‍ നിരോധിക്കുന്ന ആദ്യത്തെ മലയാളചിത്രമല്ല മരണമാസ്സ്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍, മോഹന്‍ലാല്‍ – വൈശാഖ് ടീമിന്റെ മോണ്‍സ്റ്റര്‍, ഷെയ്ന്‍ നിഗം നായകനായ ലിറ്റില്‍ ഹാര്‍ട്‌സ് എന്നീ സിനിമകള്‍ എല്‍.ജി.ബി.ടി.ക്യു കണ്ടന്റ് ഉള്ളതിനാല്‍ സൗദിയില്‍ നിരോധിക്കപ്പെട്ടവയാണ്.
Content Highlight: Cyber Attack against Tovino Thomas after his statement about Saudi Arabia