ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ ദല്‍ഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവിനെതിരെ വലതുപക്ഷ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് രൂക്ഷമായ സൈബറാക്രമണം.
ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് വ്യാഴാഴ്ച കെജ്‌രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. കെജ്‌രിവാളിനോട് ഇ.ഡി പക്ഷപാതപരമായി പെരുമാറുകയാണെന്ന് ജാമ്യ ഉത്തരവില്‍ ന്യായ് ബിന്ദു പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ഇപ്പോള്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ജഡ്ജിക്ക് സൈബറാക്രമണം നേരിടേണ്ടി വന്നത്. ജഡ്ജിയുടെ ഫോട്ടോ ഉള്‍പ്പടെ പ്രചരിപ്പിച്ച് കൊണ്ടാണ് സൈബറാക്രമണം. ഇ.ഡിയുടെ വാദങ്ങള്‍ പരിഗണിക്കാതെയാണ് കെജ്‌രിവാളിന് ജഡ്ജി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതെന്നും ഇവര്‍ അവകാശപ്പെട്ടു.
‘ഇ.ഡിയുടെ ആയിരക്കണക്കിന് പേജുകളുള്ള റിപ്പോര്‍ട്ട് വായിക്കാന്‍ ആര്‍ക്കാണ് സമയമെന്ന് പറഞ്ഞ് കെജ്‌റുദ്ദീന് ജാമ്യം അനുവദിച്ച ന്യായ് ബിന്ദുവാണിത്. ജുഡീഷ്യറിയെ കുറിച്ച് എന്താണിവര്‍ പറയുന്നത്. അവളെ പിരിച്ചുവിടേണ്ടതല്ലേ,’ തത്വമസി എന്ന എക്‌സ് അക്കൗണ്ടില്‍ നിന്ന് ജഡ്ജിയുടെ ഫോട്ടോ ഉള്‍പ്പടെ നല്‍കികൊണ്ട് വന്ന പോസ്റ്റാണിത്.
അജ്മല്‍ കസബിന്റെ കേസ് അവര്‍ക്ക് മുന്നില്‍ വരാത്തത് എത്രയോ ഭാഗ്യമെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവന് പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ സാധിച്ചേനെയെന്നും മറ്റൊരു ഉപഭോക്താവ് പറഞ്ഞു.
അവര്‍ക്ക് അമിതമായ ജോലി ഭാരം ഉണ്ടെന്നും എന്നാല്‍ സുപ്രീം കോടതി അഭിഭാഷകര്‍ ഫ്രീ ആണ്. അതിനാല്‍ എത്രയും പെട്ടെന്ന് അവരെ പിരിച്ചുവിട്ട് ജോലി ഭാരം കുറക്കണമെന്നാണ് മറ്റൊരാൾ എക്സിൽ കുറിച്ചത്. ഇ.ഡിയുടെ ഇത്രയധികം പോജിലുള്ള റിപ്പോര്‍ട്ട് വായിക്കാന്‍ ആര്‍ക്കാണ് സമയമെന്ന് പറയുന്ന ഇവര്‍ക്ക് ആരാണ് അഭിഭാഷകയുടെ കുപ്പായം നല്‍കിയെന്ന് അമിതാഭ് ചൗധരി എന്ന ഉപഭോക്താവും ചോദിച്ചു.
ജാമ്യാപേക്ഷയിലെ കെജ്‌രിവാളിന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് വ്യാഴാഴ്ച അദ്ദേഹത്തിന് റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്.
ഇതിനുപുറമെ ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
കുറ്റകൃത്യവുമായി കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളല്ല ഇ.ഡി ഹാജരാക്കിയതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച താത്കാലികമായി തടഞ്ഞിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഇടപെടൽ. ഹരജി തീർപ്പാക്കുന്നത് വരെ ജാമ്യ ഉത്തരവ് നടപ്പാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlight: Cyber attack against the judge who granted bail to Kejriwal