ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിക്കുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തതിന് പിന്നാലെ ശുഭ്മന്‍ ഗില്ലിന്റെ സഹോദരിക്ക് നേരെ സൈബര്‍ അറ്റാക്ക് നടത്തി ആര്‍.സി.ബി ആരാധകര്‍. താരത്തിന്റെ സഹോദരി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റുകളുമായി ആര്‍.സി.ബി ആരാധകര്‍ എത്തിയത്.
ഈ മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ആര്‍.സി.ബിക്ക് തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഗില്ലിന്റെ കുടുംബത്തെയൊന്നാകെ പ്രത്യേകിച്ച് സഹോദരിക്കെതിരെ അധിക്ഷേപവര്‍ഷവുമായി ആരാധകരെത്തിയത്.
ആരാധകരുടെ ഈ പ്രവൃത്തിയെ വിമര്‍ശിച്ചും സൈബറിടങ്ങളില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. വിരാട് കോഹ്‌ലിയെയും ആര്‍.സി.ബിയെയും വെറുക്കാനുള്ള പ്രധാന കാരണം ഇത്തരത്തിലുള്ള ടോക്‌സിക് ആരാധകരാണെന്നും ഇക്കാരണത്താല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ട്രോഫി ലഭിക്കാത്തതില്‍ സന്തോഷമുണ്ടെന്നുമാണ് പല ആരാധകരും പറഞ്ഞത്.
ഗില്ലിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് സച്ചിന്‍ അടക്കമുള്ള ഇതാഹസ താരങ്ങളും എത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് താരമെന്നും ഐ.പി.എല്ലില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ താരത്തിന് സാധിക്കട്ടെ എന്നും ക്രിക്കറ്റ് ലെജന്‍ഡുകള്‍ ഗില്ലിന് ആശംസ നേര്‍ന്നിരുന്നു.
അതേസമയം, ആര്‍.സി.ബിക്കെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ സമഗ്രാധിപത്യം ഊട്ടിയുറപ്പിക്കാനും ടൈറ്റന്‍സിന് സാധിച്ചു. 14 മത്സരത്തില്‍ നിന്നും 20 പോയിന്റോടെയാണ് ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
മെയ് 23നാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. ചെന്നൈയിലെ ചെപ്പോക്കില്‍ വെച്ച് നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സാണ് ടീമിന്റെ എതിരാളികള്‍. വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. ഈ മത്സരത്തില്‍ തോല്‍ക്കുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ മറ്റൊരു അവസരവും ലഭിക്കും.
ആദ്യ എലിമിനേറ്ററിലെ വിജയികള്‍ക്കെതിരെ വിജയിച്ചാല്‍ ഇവര്‍ക്ക് ഫൈനല്‍ കളിക്കാം. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സുമാണ് എലിമിനേറ്റര്‍ കളിക്കുക. ഇതിലെ വിജയികള്‍ രണ്ടാം ക്വാളിഫയറില്‍ ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമുമായി ഏറ്റുമുട്ടുകയും വിജയികള്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.
Content Highlight: Cyber attack against Shubman Gill’s sister