| Sunday, 23rd December 2018, 1:03 pm

ശബരിമലയിലേയ്ക്ക് വന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബലാല്‍സംഗം ചെയ്യും, തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ തല്ലിയോടിക്കണം; സെല്‍വിയ്ക്ക് നേരെ സംഘപരിവാരിന്റെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതിയുടെ നേതാവ് സെല്‍വിയ്ക്ക് നേരെ സൈബര്‍ ആക്രമണം. സെല്‍വിയുടെ ഫേസ്ബുക്ക് പേജില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് തെറിവിളി നടത്തുന്നത്. സെല്‍വിയുടെ പോസ്റ്റുകള്‍ക്ക് കമന്റായി പരിഹാസങ്ങളും നിറയുന്നുണ്ട്.

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് സെല്‍വിയെ ചീത്ത വിളിക്കുന്നത്. മല കയറാന്‍ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചാണ് ചീത്ത വിളി.

ശബരിമലയിലേയ്ക്ക് വന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബലാല്‍സംഗം ചെയ്യുമെന്നും വിദേശ ശക്തികളുടെ കയ്യില്‍ നിന്നും പണം വാങ്ങി ശബരിമലയെ തകര്‍ക്കാന്‍ വരികയാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.


വേശ്യയെന്നും പാണ്ടിച്ചിയെന്നും വിളിച്ച് അധിക്ഷേപിക്കുന്നുമുണ്ട്. ശബരിമലയില്‍ എത്തുന്ന തമിഴ്‌നാട്ടിലെ ആളുകളെ തല്ലിയോടിക്കാനുള്ള ആഹ്വാനവും ചിലര്‍ കമന്റിലൂടെ നല്‍കുന്നുണ്ട്.

സി.പി.ഐ.എം ജിഹാദികള്‍ ആണെന്നും അവരുടെ പദ്ധതി നടപ്പിലാക്കാനാണ് സെല്‍വി അടക്കമുള്ളവര്‍ ശബരിമലയില്‍ എത്തിയതെന്നും കമന്റില്‍ ഒരാള്‍ പറയുന്നു. സാക്കിര്‍ നായിക്കിന്റെ അനുയായികളാണ് ഇവരെന്നും കമന്റില്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ മാലപ്പൊട്ടിക്കുന്ന ആളുകളാണെന്നും നിങ്ങള്‍ക്ക് മാലപ്പൊട്ടിച്ച് ജീവിച്ചാല്‍ പോരെ എന്നും ഒരു കന്റില്‍ ചോദിക്കുന്നുണ്ട്.

അതേസമയം, പമ്പയില്‍ പ്രതിഷേധിക്കുന്നവര്‍ മനിതി സംഘത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടതോടെ പൊലീസ് യുവതികളെ തിരിച്ചിറക്കി. പമ്പ ഗാര്‍ഡ് റൂമിലേക്ക് യുവതികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പൊലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.


എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി സെല്‍വി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിരുന്നു.

സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. തമിഴ്നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.

We use cookies to give you the best possible experience. Learn more