തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി) മുന്നിലുള്ള ബസ് വെയ്റ്റിങ് ഷെഡ് വെട്ടിപ്പൊളിച്ചതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ.എസ്.ശബരിനാഥനും, വി.ടി ബല്‍റാമും ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഇരുവരും ഇട്ട പോസ്റ്റിനടിയിലാണ് ‘താങ്കളുടെ ഭാര്യയെ മറ്റൈരാളുടെ മടിയിലിരിക്കാന്‍ താങ്കള്‍ സമ്മതിക്കുമോ?’, ‘ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്നത് പുരോഗമനമോണോ?’, ‘നിന്റെ സ്വന്തം പെങ്ങള്‍ ആണെങ്കില്‍ നീ അഭിവാദ്യം അര്‍പ്പിച്ചിട്ടുണ്ടാകുമോ’, ‘ചിന്തന്‍ ശിബിരത്തിലെ വൈബ് പടര്‍ത്തി തക്കുടു’, ‘ഇതല്ല കോണ്‍ഗ്രസ് സംസ്‌കാരം’, ‘നിങ്ങള്‍ എസ്.എഫ്.ഐക്ക് പഠിക്കുകയാണോ?’, ‘ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റരുത് എന്നും പറഞ്ഞ് വോട്ടു പിടിച്ചവനൊക്കെ ഇപ്പൊ പുരോഗമന വാദിയായി…’തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിനടിയില്‍ വന്നത്.
കോണ്‍ഗ്രസ്, ലീഗ് അനുഭാവികളില്‍ നിന്നുള്ള വിമര്‍ശന കമന്റുകളും കൂടുതലായി പോസ്റ്റിനെതിരെ വരുന്നുണ്ട്.
‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി സി.ഇ.ടിയിലെ മിടുക്കര്‍ നല്‍കി. അവര്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്നു ഈ സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി…. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, സി.ഇ.ടിക്കാര്‍ക്ക് ഒരു മനസാണ് എന്ന് വീണ്ടും തെളിയിച്ചു. പ്രൊഡ് ടു ബി സി.ഇ.ടിയന്‍ ‘ എന്നാണ് കെ.എസ്. ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരിക്കുന്ന ഫോട്ടോ ഫങ്കുവെച്ചുകൊണ്ട് ‘ വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സി.ഇ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദനങ്ങള്‍’ എന്നാണ് വി.ടി. ബല്‍റാം പ്രതികരിച്ചത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് സ്റ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കുകയായിരുന്നു. നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ മറുപടി കൊടുത്തത്.
നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്.