| Friday, 4th February 2022, 3:07 pm

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കമന്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തിരക്കേറിയ ഷെഡ്യൂളിനിടക്ക് തന്നെ കാണാന്‍ അനുവദിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയാണ് ഉണ്ണിയുടെ ഫേസ്ബുക്ക് കുറിപ്പ്.

പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള കമന്റുകളാണ് നിറയുന്നത്.

‘ദൈവമേ ഉണ്ണിയേട്ടന് ഒരാപത്തും വരുത്തല്ലേ’

‘അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വല്ല രക്ഷയും എഴുതി കെട്ടിച്ചോ, എന്തോ വലിയ കുഴപ്പം വരാന്‍ പോവാ’

‘ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മുഖ്യമന്ത്രിയെ കണ്ടാല്‍ ആപത്ത് വരും എന്ന് ധ്വനിയിലാണ് കമന്റുകള്‍.

മണിച്ചിത്രത്താഴ് സിനിമയിലെ തിലകന്റെ കഥാപാത്രം പ്രാര്‍ത്ഥിക്കുന്ന ചിത്രവും കമന്റിലുണ്ട്.

അതേസമയം മുഖ്യമന്ത്രിയെ കണ്ടത് ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളിലൊന്നായിരിക്കുമെന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

ഉണ്ണി മുകുന്ദനെ മുഖ്യമന്ത്രി പ്രഭാതഭക്ഷണത്തിനും ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയ ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നന്ദി അറിയിച്ച ഉണ്ണി മുകുന്ദന്‍ തന്റെ പുതിയ ചിത്രമായ മേപ്പടിയാന്‍ കാണാന്‍ സമ്മതിച്ചതാണ് മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും കുറിച്ചു.

സംസ്ഥാനത്തിന്റെ ഏതാവശ്യത്തിനും കൂടെയുണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിനിടയില്‍ എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിലും പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിലും നന്ദി.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നായിരിക്കും ഇത്. ഇങ്ങനെയൊരു അവസരമുണ്ടാക്കി തന്നതില്‍ ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി.

നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയുള്ള എന്ത് ആവശ്യത്തിനും ഭാഗമാകാന്‍ ഞാന്‍ എപ്പോഴും തയാറായിരിക്കും.

ഈ കൂടികാഴ്ചയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് താങ്കള്‍ മേപ്പടിയാന്‍ സിനിമ കാണാമെന്ന് സമ്മതിച്ചതാണ്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ.


Content Highlight: cyber attack against pinarayi vijayan in comments of uinni mukunda’s post

We use cookies to give you the best possible experience. Learn more