|

പാര്‍വ്വതി, വെല്‍ഡണ്‍ മൈഗേള്‍; നീ പറഞ്ഞത് തെളിയിച്ചിരിക്കുന്നു

രശ്മി

മലയാള സിനിമയിലെ അരങ്ങിലെയും അണിയറയിലെയും സ്ത്രീവിരുദ്ധ ആഘോഷങ്ങള്‍ക്ക് മലയാള സിനിമയോളം പഴക്കമുണ്ട്. മലയാളത്തിന്റെ ആദ്യ നായിക റോസിയെ കല്ലെറിഞ്ഞു ഓടിച്ചു തുടങ്ങിയതാണ് ആ ചരിത്രം. പിന്നീടിങ്ങോട്ട് തൊണ്ണൂറു വര്‍ഷക്കാലം മലയാളിയുടെ സൗന്ദര്യ ശാസ്ത്രം നിര്‍മിച്ചതിലെ മുഖ്യ പങ്കാളിയാണ് സിനിമ. വാഹനം വസ്ത്രം ആഭരണം മുതല്‍ ജീവിത പരിസരത്ത് കടന്നു വരുന്ന സകലത്തിലും ആ രൂപകല്‍പ്പന കഴിഞ്ഞ അര നൂറ്റാണ്ടില്‍ നടന്നിട്ടുണ്ട് .

കറുത്തവരെ തടിച്ചവരെ മെലിഞ്ഞവരെ ഒക്കെ വിരൂപര്‍ ആക്കുന്നതില്‍ സിനിമ വിജയിച്ചു. പെണ്ണിനെ അടക്കി നിര്‍ത്തുന്നതാണ് പൗരുഷം എന്നും പെണ്ണുങ്ങളാണ് എല്ലാം സഹിക്കേണ്ടതെന്നും ഒരു ബോധം മലയാളി നായികാ നായകന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞു ഉറപ്പിച്ചു. അത് തലമുറകള്‍ കൈമാറി വന്നു. കാലുമടക്കി തൊഴിക്കാന്‍ പെണ്ണിനെ അന്വേഷിച്ച നായകനെ കണ്ടു വളര്‍ന്ന അടുത്ത തലമുറയിലെ നായകനായ സ്‌കൂള്‍ കുട്ടി ഹോംവര്‍ക്ക് എഴുതാന്‍ പെണ്ണിനെ അന്വേഷിക്കുന്ന തലത്തില്‍ അത് വളര്‍ന്നു.

വല്ലപ്പോഴും ഒരു ലേഖനങ്ങളിലും സിനിമാ നിരൂപണങ്ങളിലും മാത്രം ഒതുങ്ങി പോയിരുന്ന ഈ വിഷയം മുഖ്യധാരയിലേക്ക് കടന്നു വരുന്ന വര്‍ഷം കൂടിയാണ് 2017. അതിനു മുഴുവന്‍ കടപ്പെട്ടിരിക്കുന്നത് അവളോടാണ്. ആക്രമിക്കപ്പെട്ടിടത് നിന്നും ഡെറ്റോള്‍ സോപ്പിട്ടു കുളിച്ചു ആത്മാഭിമാനത്തോടെ വന്നു നിന്ന് കടിച്ച പട്ടിയെ നിയമപരമായി നേരിടുന്ന ആ പെണ്‍കുട്ടിയോട്.

ചരിത്രപരമായ ഒരു അനിവാര്യത എന്ന രീതിയില്‍ ആണ് ഞാന്‍ WCC എന്ന സംഘടനയുടെ രൂപീകരണത്തെ നോക്കി കാണുന്നത്. മാതൃകാപരമായ ഈ മാറ്റം കേരളത്തില്‍ നിന്ന് തന്നെ ഉണ്ടാകുന്നതിലും ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. ദിലീപ് എന്ന താരം ആ കേസില്‍ പ്രതിയായി അറസ്റ്റില്‍ ആകുന്നതോടെയാണ് മലയാള സിനിമയിലെയും സമൂഹത്തിലെയും വലിയ ഒരു വിഭാഗം എല്ലാ ധാര്‍മിക മൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് അവനൊപ്പം എന്ന് പ്രഖ്യാപിക്കുന്നു അവന്റെ നന്മകള്‍ എണ്ണി പറയുന്നു. അവരുടെ പണ സ്വാധീനകുത്തൊഴുക്കില്‍ ഒഴുകി പോകേണ്ടി ഇരുന്ന അവളുടെ ആ പ്രതിരോധം പക്ഷെ ഒരു ചെറുകൂട്ടം സ്ത്രീകള്‍ അസാധാരണമായ യോജിപ്പോടെ കൈചേര്‍ത്ത് പിടിച്ചു പ്രതിരോധിച്ചുനിര്‍ത്തുന്നു.

സ്ത്രീ എന്നത് ഒരു ജെന്‍ഡര്‍ ആയല്ല ഒരു പൊളിറ്റിക്കല്‍ ടേം ആയാണ് ഞാന്‍ ഉപയോഗിച്ചത്. പുരുഷാധിപത്യത്തെ എതിര്‍ക്കുന്ന ആണും പെണ്ണും ട്രാന്‍സും എല്ലാം അതില്‍ വരും. അന്നുമുതല്‍ മലയാള സിനിമയും അതിലെ സ്ത്രീവിരുദ്ധ പ്രവണതകളും ഏറിയും കുറഞ്ഞും സോഷ്യല്‍മീഡിയയിലെ മുഖ്യ ചര്‍ച്ചാ വിഷയമാണ്. മിസോജനി ഇന്‍ മലയാളം സിനിമാ എന്ന സീരിസില്‍ ട്രോളുകളുടെ ഒരു തരംഗം തന്നെ ഉണ്ടായി സോഷ്യല്‍ മീഡിയയില്‍. അതില്‍ അവസാനത്തെ സംഭവമാണ് IFFKയില്‍ നടത്തിയ ഓപണ്‍ ഫോറത്തില്‍ നടി പാര്‍വതി തികച്ചും ജനാധിപത്യ പരമായി നടത്തിയ വിമര്‍ശനം. സത്യത്തില്‍ കസബ എന്ന വള്‍ഗര്‍ പോണ്‍ ഫിലിം അര്‍ഹിക്കുന്നതിലും എത്രയോ മടങ്ങ് ബഹുമാനം നല്‍കിയാണ് അവര്‍ സംസാരിച്ചത്.

കസബ സിനിമയിലെ വിവാദസീന്‍

അവിടെ തുടങ്ങി പാര്‍വതി എന്താണോ വിമര്‍ശനാത്മകമായി സൂചിപ്പിച്ചത് അല്ലെങ്കില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകള്‍ എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആണ് മുന്നില്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ തെറി ആക്രമണവും ബലാല്‍സംഗ ഭീഷണിയും വരെ പാര്‍വതിക്ക് നേരിടേണ്ടി വന്നു. സഹപ്രവര്‍ത്തകയുടെ പാന്റിനുള്ളില്‍ കയ്യിട്ടു ബലമായി ചേര്‍ത്ത് നിര്‍ത്തി ബലാല്‍സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയിട്ട് മാസ്സ് BGMല്‍ കുണ്ടിയും കുലുക്കി നടന്നു പോകുന്ന നായകന്റെ ഹീറോയിസത്തിന് കയ്യടിച്ച ഒരു ഫാന്‍ എതിരഭിപ്രായം പറഞ്ഞ സ്ത്രീയെ ബലാല്‍സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തുന്നതില്‍ അതിശയം തോന്നേണ്ട കാര്യമില്ലല്ലോ.

സമൂഹത്തിന്റെ പ്രതിഫലനം ആയ കലയില്‍ സമൂഹത്തില്‍ ഉള്ള സ്ത്രീവിരുദ്ധതയും വയലന്‍സും കുറ്റകൃത്യങ്ങളും എല്ലാം ഉണ്ടാകണം. അതില്‍ പാര്‍വതിക്കോ അവരെ പിന്തുണയ്ക്കുന്ന മറ്റാര്‍ക്കെങ്കിലുമോ ഏതെങ്കിലും തരത്തില്‍ സംശയം ഉണ്ടാകാന്‍ ഇടയില്ല. സിനിമയിലെ ഒരു കഥാപാത്രം ഒരു നിര്‍ദ്ധനനായ ഭിക്ഷക്കാരന്റെ ആഹാരംതട്ടിപറിക്കുന്ന ഒരു സീന്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ഈ മനുഷ്യനെ അയാളുടെ സ്വത്തുക്കള്‍ മുഴുവന്‍ അപഹരിച്ചു ഭിക്ഷക്കാരന്‍ ആക്കി മാറ്റിയ മോഷണ സംഘത്തിലെ അംഗംതന്നെയാണ് ആഹാരം തട്ടിപ്പറിക്കുന്ന കഥാപാത്രവും. അങ്ങനെ ആഹാരം തട്ടിപ്പറിക്കുന്ന നിരവധി ഹീന കഥാപാത്രങ്ങളെ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരുസിനിമയിലെ മാസ്സ് ആഘോഷങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ഒരു സീന്‍ ആയാലോ ഈ ആഹാരം തട്ടിപ്പറിക്കല്‍.

പുകയൊക്കെ ഊതി വിട്ടു കൂളിംഗ് ഗ്ലാസും വച്ച് വന്നു ഭിക്ഷക്കാരന്റെ ആഹാരം തട്ടിപ്പറിച്ചു മാസ്സ് BGMല്‍ നായക കഥാപാത്രം കുണ്ടിയും കുലുക്കി സ്ലോ മോഷനില്‍ നടന്നു പോകുകയും അത് കാണുന്ന ആള്‍ക്കൂട്ടം അതിനു കയ്യടിക്കുകയും ചെയ്യുക എന്നാല്‍ തികഞ്ഞ അശ്ലീലമാണ് എന്ന് നമ്മള്‍ക്ക് ബോധ്യമുണ്ട്. ഒരു അധമ പ്രവര്‍ത്തിയുടെ ഗ്ലോറിഫിക്കേഷന്‍ എന്നത് ഇതിലും ലളിതമായി പറഞ്ഞു തരാന്‍ എനിക്കറിയില്ല. എന്നാല്‍ ഭിക്ഷക്കാരന്റെ സ്ഥാനത്ത് സ്ത്രീയുടെ മേലുള്ള കടന്നുകയറ്റം ആകുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നുന്നില്ല എങ്കില്‍ നിങ്ങള്‍ വലിയ രോഗിയാണ്.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്

പാര്‍വതിയും മറ്റും അഭിനയിച്ച മനോഹരമായ ചുംബന രംഗങ്ങളും മറ്റും നിരത്തി വച്ചാണ് മറുപക്ഷം ചോദ്യങ്ങള്‍ ചോദിക്കുന്നത്. രണ്ടുപേര്‍ സ്‌നേഹത്തോടെ ചുംബിക്കുന്നതും ഒരു സ്ത്രീയെ ബലമായി കയറി പിടിക്കുന്നതും ഒന്നാണ് എന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല. ചുംബനം ഇത്തരം അധമ പ്രവര്‍ത്തിയല്ല രണ്ടു വ്യക്തികള്‍ പരസ്പര സമ്മതത്തോടെ ചെയ്യുന്ന ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാര്യമാകും.

അതേ ഒരു നായകന്‍ സ്ത്രീയെ ബലമായി പിടിച്ചു ചുംബിച്ച ശേഷം മേല്‍ പറഞ്ഞപോലെ കുണ്ടിയും കുലുക്കി BGMനൊത്ത് ചുവട് വയ്ക്കുകയും ആള്‍ക്കൂട്ടം അതിനു കയ്യടിക്കുകയും ചെയ്താല്‍ അത് അശ്ലീലമാണ്. ഈ കഴുത കൂട്ടം ചുമന്നു കൊണ്ട്‌നടക്കുന്ന വേറൊരു വാചകമാണ് “Malayali woman are hot in bed” . ഇതില്‍ എന്താ പ്രശ്‌നമെന്ന് മനസിലാവുന്നില്ല. മലയാളി സ്ത്രീകള്‍ കിടക്കയില്‍ ശവമാണ് അവരെ ഹോട്ട് എന്ന്പറഞ്ഞു അപമാനിച്ചു എന്നാണോ ഇവര്‍ പറയുന്നത്.

ഈ വാചകം പറയാനുണ്ടായ സാഹചര്യം അറിയില്ല ഒരു സാധാരണ സാഹചര്യത്തില്‍ ആണെങ്കില്‍ യാതൊരു പ്രശ്‌നവും ഇല്ലാത്ത പ്രശംസാ വാചകമാണ്. അല്ല വല്ല റേപ് വിക്ടിമിന്റെയും മുഖത്ത് നോക്കി റേപ്പിസ്റ്റ് പറയുന്നതാണ് എങ്കില്‍ പ്രശ്‌നമാണ്. ഗ്ലോറിഫിക്കേഷന്‍ എന്നതിന്റെ അര്‍ഥം ഇനിയും മനസിലാകുന്നില്ല എങ്കില്‍ ആ തലച്ചോര്‍ എടുത്ത് ഉപ്പിലിട്ടു വയ്ക്കാന്‍ പറയുക മാത്രമേ നിവര്‍ത്തിയുള്ളൂ.

എന്നാല്‍ ഇത് മനസിലാകത്തതോ ഫാനിസമോ മാത്രമായിരുന്നില്ല ശരിക്കുള്ള പ്രശ്‌നം അത് ആഴത്തില്‍ വേരോടിയ സ്ത്രീവിരുദ്ധ പുരുഷാധിപത്യവും അരാഷ്ട്രീയതയും ആണ്. അരാഷ്ട്രീയമായ മിഡില്‍ ക്ലാസിന്റെ ചില ആള്‍ ദൈവങ്ങള്‍ ഉണ്ട്. അവര്‍ എന്ത് ശര്‍ദ്ദിച്ചാലും വെള്ളം തൊടാതെ വിഴുങ്ങും മലയാളി. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ അബ്ദുള്‍കലാമും സച്ചിന്‍ ടെണ്ടുല്‍ക്കറും വരെ ആ ആള്‍ദൈവ ലിസ്റ്റില്‍ വരും.

അവര്‍ ശര്‍ദ്ദിച്ച വിവരക്കേടിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരെ കൂട്ടം കൂടി ആക്രമിക്കും ചിലപ്പോള്‍ ഒരു നാഷണല്‍ അവാര്‍ഡ് വാങ്ങിയിട്ട് വിമര്‍ശിച്ചാല്‍ മതി എന്നൊക്കെ ക്ലോസ് വച്ചു കളയും. അബ്ദുള്‍ കലാമിന്റെ കാര്യത്തില്‍ ആണെങ്കില്‍ മിനിമം ഒരു റോക്കറ് ലോഞ്ച്‌ചെയ്തവര്‍ക്കേ സംസാരിക്കാന്‍ പോലും അര്‍ഹതയുണ്ടാകൂ. കാലാകാലങ്ങളായി നടന്നു വരുന്ന കലാപരിപാടിയാണിത് അതിനും ഒരുപടി മുകളില്‍ നില്‍ക്കും താരാരാധന എന്ന വിവരക്കേട്.

തമിഴിലോ തെലുങ്കിലോ കാണുന്ന തരം താരാധന അല്ല മലയാളത്തില്‍. തമിഴില്‍ പടം കൂതറയാണെങ്കില്‍ ആദ്യം കൂവുന്നത് ഫാന്‍സ് ആയിരിക്കും. തലൈവന്റെ പടം മോശമായതില്‍ മനം നൊന്തു നിഷ്‌ക്കളങ്കമായി കരയുകയും ചെയ്യും അവര്‍. പക്ഷെ മലയാളി ആരാധന എന്ത് കൂതറ സിനിമ കണ്ടാലും കളക്ഷന്‍ തള്ളി അറബിക്കടലില്‍ കൊണ്ട് ഇറക്കാന്‍ വേണ്ടി ഉള്ളതാണ്. താരത്തോടുള്ള ആരാധനയാണ് തമിഴിലൊക്കെ ഫാന്‍സ് അസ്സോസ്സിയേഷനുകളെ ചലിപ്പിക്കുന്നതെങ്കില്‍ ഫ്രീ ആയി കിട്ടുന്ന ടിക്കറ്റും പണവും ആണ് ഇവിടെ അതിനെ ചലിപ്പിക്കുന്നത്. അതുകൊണ്ട് അവര്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടത്തിയില്ല എങ്കിലേ അതിശയിക്കാന്‍ ഉള്ളൂ.

എന്നാല്‍ അത് വിമര്‍ശനത്തിനു നേര്‍ക്കുള്ള ആക്രമണം എന്നതിനും അപ്പുറത്തേക്ക് WCC എന്ന സംഘടനയ്ക്ക് നേര്‍ക്കും അതിലെ അംഗങ്ങളുടെ കുടുംബാങ്ങളുടെയും സുഹൃത്തുക്കളുടെയും സിനിമകളുടെ വരെ നേര്‍ക്ക് പോലും വഴി തിരിച്ചു വിടുവാന്‍ തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഈയിടെ റിലീസിനെത്തിയ രണ്ടു സിനിമകളെ താരതമ്യപ്പെടുത്തിയാല്‍ അതിലെ ഗൂഢാലോചനാ താല്പര്യം കൂടുതല്‍ വെളിവാകും.

ആദ്യത്തേതിലെ നായകന്‍ കൂട്ടബലാല്‍സംഗ കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്നു. അപ്പോള്‍ റിലീസാകുന്ന സിനിമ കുറ്റാരോപിതനോടുള്ള ജനപിന്തുണ ആയി വ്യാഖ്യാനിക്കപ്പെടും, അല്ലെങ്കില്‍ അതിനുവേണ്ടി ബോധപൂര്‍വം ശ്രമിക്കും എന്ന് മനസിലാക്കിയ നിലപാടുള്ള മനുഷ്യര്‍ സിനിമ കാണില്ല എന്ന് പറയുന്നു. അതങ്ങനെ തന്നെ “ജനകീയകോടതി” ആയി പ്രതിയുടെ വക്താക്കള്‍ പറയുകയും ചെയ്തു. സിനിമ സംവിധായകന്റെ കലയാണ് സിനിമ അതില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് തൊഴിലാളികളുടെ കലയാണ് നിര്‍മാതാവിന്റെ ചോറാണ് സിനിമയെ സിനിമയായി മാത്രം കാണണം നല്ല സിനിമ ഗോവിന്ദചാമി ചെയ്താലും കാണും എന്ന് തുടങ്ങി നൂറുകണക്കിന് വാദങ്ങള്‍ നിരത്തുന്നു മറുപക്ഷം.

രണ്ടാമത്തെ സിനിമയുടെ സംവിധായകന്‍ നിലപാടുള്ളവന്‍ ആണ്, ഭാര്യയെ വ്യക്തിയായി അംഗീകരിക്കുന്നവന്‍ ആണ്. സഹപ്രവര്‍ത്തകയുടെ അരയിലെ ബെല്‍റ്റിനുള്ളില്‍ പിടിച്ചു സ്വന്തം ശരീരത്തില്‍ ചേര്‍ത്ത് നിര്‍ത്തി നീ ഒരാഴ്ച നേരെ നടക്കില്ല എന്ന റേപ്ഭീഷണി മുഴക്കി കുണ്ടിയും കുലുക്കി സ്ലോമോഷനില്‍ നടന്നുപോകുന്ന അശ്ലീല താര പരിവേഷ ആണത്തത്തെ നേര്‍ക്കുനേര്‍ നിന്ന് ആദ്യമായി മുഖ്യധാരാ സിനിമയിലെ സ്ത്രീകള്‍ വിമര്‍ശിക്കുന്നു. അവരില്‍ ഒരാളാണ് സംവിധായകന്റെ ഭാര്യ.

തങ്ങള്‍ ഇതുവരെ കയ്യടക്കി വച്ച സൗഭാഗ്യങ്ങള്‍ മുഴുവന്‍ കൈവിട്ടു പോകുമോ ഈ സ്ത്രീകള്‍ ഇനി നിന്ന് തരില്ലേ എന്ന പേടിയില്‍ അവരെ നിരന്തരം ആക്രമിക്കുന്ന പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍ സംഘം ഈ സിനിമകാണില്ല എന്ന് തീരുമാനിക്കുന്നു. തൊഴിലാളികള്‍ ഇല്ല, നിര്‍മാതാവ് ഇല്ല, സംവിധായകന്‍ ഇല്ല, മറ്റു നടീനടന്മാര്‍ ഇല്ല, സിനിമയെ സിനിമയായി കാണില്ല.

ആദ്യ സിനിമ കാണും എന്ന് പറഞ്ഞതും രണ്ടാമത്തത് കാണില്ല എന്ന് പറയുന്നതും ഒരേ ആള്‍ക്കാര്‍ തന്നെ. പെണ്ണിന്റെ അരയിലെ ബെല്‍റ്റിനുള്ളില്‍ കയ്യിട്ടു ചേര്‍ത്ത് പിടിക്കുന്നതും അഹങ്കാരിയായ പെണ്ണിനെ ബലാല്‍സംഗം ചെയ്തു വീഡിയോ എടുത്തു മര്യാദ പഠിപ്പിക്കുന്നതും ആണ് “ആണത്തം” എന്ന് കരുതുന്ന പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍. ആദ്യത്തേത് കാണില്ല എന്ന് പറഞ്ഞതും രണ്ടാമത്തത് കാണും എന്ന് ഇപ്പോള്‍ പറയുന്നതും ഒരേ കൂട്ടരാണ്. ഒരേ നിലപാടാണ് അന്നും ഇന്നും. ആണും പെണ്ണും തുല്യരാണ്, ആക്രമിക്കാനോ സംരക്ഷകര്‍ ആകാനോ വരരുത്, തനിക്കുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന ബോധ്യമുണ്ടാകണം എന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍. തൊഴിലാളികള്‍ക്ക് ഒക്കെ ശമ്പളം കിട്ടിക്കാണും നഷ്ടവും ലാഭവും സഹിക്കാന്‍ നിര്‍മാതാവും തയ്യാറാവണം അതൊന്നും കൊണ്ടല്ല മായാനദി കാണും കാണണം എന്ന് പറയുന്നത്. സിനിമ കലയാണ് കല സമൂഹത്തെന നിര്‍മിക്കുന്നതാണ് അത് സ്ത്രീവിരുദ്ധമാകുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്ന നിലപാട് തന്നെയാണ്.

പാര്‍വതി എന്നല്ല ഏതൊരു പെണ്ണിനും ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണ് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുക എന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയോ റബ്ബറോ ഉണ്ടായാല്‍ മതി. അടിമത്വത്തെ അവകാശം ആണെന്ന് കരുതിയാല്‍ മതി. ആണത്തം എന്ന അശ്ലീലം കാണുമ്പോള്‍ റബ്ബര്‍ നട്ടെല്ല് ആവശ്യാനുസരണം കുനിച്ചുകൊടുത്താല്‍ മതി. പക്ഷെ അത് വേണ്ടെന്നു വയ്ക്കാന്‍ ആണ് പ്രയാസം സ്വന്തമായി നിലപാടുണ്ടാകണം അവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ടാകണം അത് തുറന്നു പറയാനും ഉറച്ചുനില്‍ക്കാനും ഉള്ള ആര്‍ജവം ഉണ്ടാകണം. അതിനുവേണ്ടി പലതും നഷ്ടപ്പെടുത്താനുള്ള മനസുണ്ടാകണം.

സിനിമയിലെ പെണ്ണുങ്ങളുടെ കാര്യം തന്നെ എടുത്തുനോക്കൂ കിട്ടുന്ന വേദികളിലും അഭുമുഖങ്ങളിലും മുഴുവന്‍ കൂടെ അഭിനയിച്ച ആണത്ത ചിംഗങ്ങളുടെ അഭിനയ മികവിനെപുകഴുത്തുക. ഇക്കയെ കണ്ടാല്‍ പതിനേഴു വയസല്ലേ പറയൂ ഏട്ടനെ കണ്ടാല്‍ കോളേജില്‍ പഠിക്കുവാ എന്ന് തോനുന്നു എന്നൊക്കെ നാല് പുറം തിരുമ്മലും നടത്തി അങ്ങ് കഴിഞ്ഞുപോയാല്‍ ആവശ്യം പോലെ സ്വീകരണം ലഭിച്ചേനെ. എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയേനെ പക്ഷെ അതൊന്നും ചെയ്യാതെ പാര്‍വതി എന്താണ് ചെയ്തത്, കിട്ടുന്ന അവസരങ്ങളില്‍ ഒക്കെ രാഷ്ട്രീയം സംസാരിച്ചു തന്റെ നിലപാടുകള്‍ പറഞ്ഞു. അതില്‍ യോജിക്കാന്‍ കഴിയുന്നവയും വിയോജിപ്പുള്ളവയും വികലമായ നിലപാടുകളും ഒക്കെയുണ്ട്. പക്ഷെ അത് പറയുന്നു എന്നതാണ് കാര്യം.

പറഞ്ഞ കാര്യത്തിനെ ആണത്ത ആക്രമണം കൊണ്ട് (അസഭ്യവും തെറിവിളിയും ആണത്ത പ്രദര്‍ശനം തന്നെയാണ് ) അങ്ങ് പിന്‍വലിപ്പിച്ചു കളയാം എന്ന് കരുതി വന്ന ഊച്ചാളികളോട് അയ്യോ ഞാന്‍ അറിയാതെ പറഞ്ഞതാണേ എന്ന് മാപ്പ് പറയാനും പോയില്ല, പകരം അതില്‍ ഉറച്ചു നിന്നുകൊണ്ട് ഈ ഊച്ചാളി കൂട്ടത്തെ കണ്ടം വഴി ഓടിക്കുകയാണ് ചെയ്തത്. ഒട്ടും എളുപ്പമല്ലാത്ത എല്ലാവരുടെയും വെറുപ്പ് സമ്പാദിക്കുന്ന പൊതുബോധത്തില്‍ പിഴയാകുന്ന വഴിയാണ് പാര്‍വതി തിരഞ്ഞെടുത്തത നട്ടെല്ലും ആര്‍ജവവും നിലപാടും ഉള്ളവര്‍ക്ക് മാത്രം നടക്കാന്‍ കഴിയുന്ന വഴി. കുലസ്ത്രീ ആകാന്‍ എളുപ്പമാണ് ശവം പോലെ കിടന്നാല്‍ മതി ചന്തപെണ്ണാകുക എന്നത് വിപ്ലവമാണ്.

പാര്‍വതി ലളിതമായി സ്ഥാപിച്ചെടുത്ത കാര്യങ്ങള്‍ ഇവയാണ്. സിനിമയില്‍ ആഘോഷിക്കുന്ന സ്ത്രീകള്‍ക്കെതിരെ ഉള്ള വയലന്‍സ് അതിനേക്കാള്‍ ഭീകരമായി സിനിമ സ്വാധീനിക്കുന്നവരില്‍ കടന്നു കൂടുന്നുണ്ട്. അതിന് പ്രത്യക്ഷത്തില്‍ ഉള്ള തെളിവാണ് സിനിമ ജീവിതത്തെ അത്രേമേല്‍ സ്വാധീനിച്ച ഫാന്‍സ് എന്ന വെട്ടിക്കിളി കൂട്ടം. സിനിമയ്ക്കുള്ളില്‍ യുവ തലമുറയില്‍ പോലും ഈ സ്വാധീനം കടന്നു കൂടിയിട്ടുണ്ട്. അവരെ സംബന്ധിച്ചു സ്ത്രീകള്‍ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങുകള്‍ ആണ്. വെല്‍ഡന്‍ മൈ ഗേള്‍. നീ വിമര്‍ശിച്ചുപറഞ്ഞ കാര്യം അതിന്റെ ഗുണഭോക്താക്കളെ തന്നെ പരീക്ഷണ വസ്തുവാക്കി നീ തെളിയിച്ചു കാണിച്ചു. ഇനി അതുണ്ടോ എന്ന് ചര്‍ച്ച ചെയ്തു പൊതുസമൂഹത്തിനു സമയംപാഴാക്കേണ്ട കാര്യമില്ലല്ലോ

അതുകൊണ്ട് നാം പാര്‍വതിക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. സംശയമേതുമില്ല നമ്മള്‍ ന്യൂനപക്ഷമാണ് എല്ലാകാലത്തും അങ്ങനെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നവര്‍ ന്യൂനപക്ഷം ആയിരുന്നു. പക്ഷെ ചരിത്രം ഒരു പോയിന്റില്‍ ആ അവകാശത്തെ അംഗീകരിക്കും അപ്പോള്‍ എതിര്‍ പക്ഷത്തു നില്‍ക്കുന്നവര്‍ മുഴുവന്‍ ഓടിക്കൂടും അങ്ങനെ അതൊരു ഭൂരിപക്ഷമാകും. വീണ്ടും അടുത്ത അവകാശത്തെ കുറിച്ച് സംസാരിക്കുന്ന ന്യൂനപക്ഷത്തെ ആക്രമിക്കും. അതാണ് ചരിത്രം. ചരിത്രത്തിലെ നായികാ നായകന്മാര്‍ ആ ന്യൂനപക്ഷമാണ്.

എതിര്‍ത്തിരുന്നവരുടെ പിന്‍ഗാമികളാണ് എന്ന് അവരുടെ അടുത്ത തലമുറ പോലും പറയാന്‍ ലജ്ജിക്കും. അല്ലെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളും ആ ന്യൂനപക്ഷത്തില്‍ ഉണ്ടായിരുന്നു എന്ന് അവര്‍ “സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സംഘപരിവാറുകാരെ” പോലെ അവകാശപ്പെടും.

രശ്മി

Video Stories