| Thursday, 7th March 2024, 2:46 pm

പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത റിപ്പോര്‍ട്ടിങ്; ന്യൂസ്18 മാധ്യമപ്രവര്‍ത്തകക്കെതിരെ സൈബറാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് കൂറുമാറുന്നുവെന്ന വാര്‍ത്ത റിപ്പോട്ടിങ്ങില്‍ ന്യൂസ്18 മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ സൈബറാക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പത്മജ വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് അവതാരികക്കെതിരെ ആക്രമണം ഉണ്ടായത്.

സൈബറാക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ആണെന്നും അപര്‍ണ പറഞ്ഞു. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമത്തിലൂടെ തനിക്കെതിരെ ഉപയോഗിച്ചതെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണോയെന്ന്, ന്യൂസ്18 ചാനലിന് സംഘപരിവാറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പണിയാണെന്ന കമന്റിനെ ഉദ്ധരിച്ചുകൊണ്ട് അപര്‍ണ ചോദിച്ചു.

മഹാരാഷ്ട്രയില്‍ നിന്ന് അശോക് ചവാന്‍, ജാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം.പി ഗീത കോഡ, ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഘര്‍, മുന്‍ പ്രസിഡന്റ് അര്‍ജുന്‍ മോത്വാനിയ തുടങ്ങിയവരെല്ലാം കോണ്‍ഗ്രസ് വിട്ടത് അപര്‍ണ കുറുപ്പ് പറഞ്ഞിട്ടാണോ എന്നും മാധ്യമപ്രവര്‍ത്തക ചോദ്യമുയര്‍ത്തി.

ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.അമര്‍ ബി.ജെ.പിക്ക് വോട്ടുമറിച്ചുനല്‍കിയത് താന്‍ പറഞ്ഞിട്ടാണോയെന്നും അപര്‍ണ ചോദിച്ചു.

സ്വന്തമായി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാത്തവര്‍ ജനങ്ങള്‍ ജയിപ്പിച്ചുവിട്ട പ്രതിനിധികളെ തങ്ങളുടെ പാളയത്തില്‍ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയാത്തവര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതെന്നും ന്യൂസ്18 മാധ്യമപ്രവര്‍ത്തക വിമര്‍ശിച്ചു. ഈ ശ്രമങ്ങള്‍ എല്ലാം തങ്ങളുടെ ദൗര്‍ബല്യം മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതിന്റെ ഭാഗമാണെന്നും അപര്‍ണ പറഞ്ഞു.

Content Highlight: Cyber ​​attack against News18 journalist Aparna Kurup

We use cookies to give you the best possible experience. Learn more