കഴിഞ്ഞ ദിവസം നടന് ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇരുവരും തമ്മിലുള്ള പ്രശ്നം വിശദമാക്കിയത്. തുടര്‍ന്ന് നയന്‍താരയെ അനുകൂലിച്ച് ശ്രുതി ഹസ്സന്, ഐശ്വര്യ ലക്ഷ്മി, പാര്‍വതി തിരുവോത്ത്, നസ്രിയ തുടങ്ങിയ അഭിനേത്രികളടക്കം രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതേ വിഷയത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുകയാണ് നയന്‍താര. ധനുഷിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി ഹാഷ് ടാഗുകളാണ് വരുന്നത്. എന്നാല്‍ ഇതുവരെയും ആരോപണങ്ങളില്‍ യാതൊരുവിധ പ്രതികരണവും ധനുഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നയന്‍താരയുടെ ആരോപണങ്ങളില്‍ മൗനം തുടരുകയാണ് ധനുഷ്.
2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു വിഘ്നേഷ് ശിവനുമായി നടി പ്രണയത്തിലാവുന്നത്. വിഘ്നേഷാണ് ചിത്രത്തിന്റെ സംവിധായകന്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാന രംഗത്തെ കുറിച്ചും തന്റെ ഡോക്യുമെന്ററിയുടെ ട്രെയ്ലറില് നയന്‍താര പറയുന്നുണ്ട്. പടത്തിലെ പാട്ട് ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് നടി അനുവാദം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മൂന്ന് സെക്കന്റുള്ള സിനിമയുടെ ബി.ടി.എസ് രംഗം ഡോക്യൂമെന്ററിയില്‍ കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചത്.
മൂന്ന് പേജ് ദൈര്‍ഘ്യമുള്ള കുറിപ്പാണ് നയന്‍താര തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. വെറും മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ക്കാണ് ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ധനുഷ് പകപോക്കുകയാണെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ ഈ നടനുള്ളതെന്നുമാണ് നയന്‍താര കുറിപ്പിലൂടെ പറയുന്നത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നടി പറയുന്നു.ഡോക്യുമെന്ററി വൈകാന്‍ കാരണമായത് ധനുഷാണെന്നും തുടങ്ങിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് നയന്‍താര ധനുഷിനെതിരെ ഉയര്‍ത്തിയത്.
Content Highlight: Cyber attack against Nayanthara; Hashtags in support of Dhanush