| Tuesday, 22nd December 2020, 8:11 am

മുഖ്യമന്ത്രിയെ താന്‍ എന്ന് വിളിച്ച സംഭവം; ഫാത്തിമ തഹിലിയക്ക് നേരെ സൈബര്‍ ആക്രമണം; അശ്ലീല കമന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയക്കെതിരെ സൈബര്‍ ആക്രമണം. യു.ഡി.എഫ് നേതൃത്വവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് തഹിലിയ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം.

‘യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് മിസ്റ്റര്‍ പിണറായി വിജയന്‍’ എന്ന് തുടങ്ങുന്ന പോസ്റ്റാണ് വിവാദത്തിന് കാരണമായത്. തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ നിരവധി അശ്ലീലം നിറഞ്ഞ കമന്റുകളും വ്യക്തി അധിക്ഷേപ കമന്റുകളുമാണുള്ളത്.

സി.പി.ഐ.എം അനുഭാവികളായ ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് അധിക്ഷേപ കമന്റുകള്‍ വന്നിട്ടുള്ളത്.

മുഖ്യമന്ത്രിയെ ‘മിസ്റ്റര്‍ പിണറായി വിജയന്‍’ എന്ന് വിളിച്ചതിനെതിരെയാണ് പ്രധാനമായും കമന്റുകള്‍. ‘തന്തയെ വിളിച്ച് പഠിച്ച സംസ്‌കാരമാണിത്’, ‘മോളെ തഹിലിയാ വക്കീല്‍ ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം നല്ല വീട്ടില്‍ ജനിക്കണം,നല്ല വീട്ടില്‍ നിന്ന് ഉണ്ണണം നല്ല ജനുസ് ആകണം’, വീട്ടില്‍ നിന്ന് നല്ല സംസ്‌കാരം ആണ് പഠിപ്പിച്ചത് എന്ന് മനസിലായി’ തുടങ്ങിയ കമന്റുകളും പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അശ്ലീല കമന്റുകളും ലൈംഗിക ചുവയോടുകൂടിയുള്ള കമന്റുകളുമാണ് പോസ്റ്റിന് കീഴെ വരുന്നത്. ഭൂരിഭാഗം കമന്റുകളും തെറിവിളികളും ‘സംസ്‌കാരം പഠിപ്പിക്കല്‍’ പ്രതികരണങ്ങളുമാണ്.

എന്നാല്‍ ഫാത്തിമ തഹിലിയയെ പിന്തുണച്ചും ചില പ്രതികരണങ്ങള്‍ വരുന്നുണ്ട്.

യു.ഡി.എഫിനെ നിയന്തിക്കുന്നത് ലീഗ് ആണെന്ന് അടുത്തിടെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു.

‘കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു.

കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്,’ എന്നായിരുന്നു മുഖ്യന്ത്രി പറഞ്ഞത്.

എന്നാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു തഹലിയയുടെ പോസ്റ്റ്.

‘UDFനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്‍?
ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിട്ടുണ്ട്. ‘മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ’ എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയന്‍ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന്‍ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയന്‍ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തില്‍ കോണ്ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ RSS തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവര്‍ണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാള്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍’, എന്നായിരുന്നു തഹിലിയയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cyber attack against MSF National Vice President Fathimath Thahiliya on controversy

We use cookies to give you the best possible experience. Learn more