ലണ്ടന്‍: ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായുടെ ക്രിസ്മസ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിന് നേരെ സൈബര്‍ ആക്രമണം. ബ്രിട്ടനില്‍ താമസിക്കുന്ന സലാ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഒരു വിഭാഗം മുസ്‌ലിം പ്രൊഫൈലുകളാണ് സലായുടെ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിനെതിരെ രംഗത്തെത്തിയത്. ഫുട്‌ബോള്‍ ആരാധകരായ ഒരു കൂട്ടരാണ് സലാക്കെതിരെ ആക്രമണം നടത്തുന്നത്.
മുസ്‌ലിങ്ങളെ താറടിക്കാനായി സലാ കരുതിക്കൂട്ടി ചെയ്യുന്നതാണിത്. ഇങ്ങനെയൊരു ‘കൊടിയ പാപം’ ചെയ്ത ആള്‍ മുഹമ്മദ് എന്ന പേര് ഉപയോഗിക്കരുത്. സലാ മുസ്‌ലിം സ്വത്വവും അറബി/മുസ്‌ലിം പേരും ഉപയോഗിക്കരുത്, തുടങ്ങിയ കമന്റുകളാണ് ട്വീറ്റിന് താഴെ വരുന്നത്.
‘ഈ ട്വീറ്റിന് ശേഷം എനിക്ക് നിങ്ങളെ റോള്‍ മോഡലായി കാണാന്‍ കഴിയില്ല. ഇതെന്റെ ഹൃദയം തകര്‍ത്തു. നിങ്ങള്‍ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ നിങ്ങളെ അണ്‍ഫോളോ ചെയ്യും,’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
അതേസമയം, മുസ്‌ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള പ്രസ്താവന ആവര്‍ത്തിച്ച് സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഖുര്‍ആന്‍ സൂക്തങ്ങളെ ഉദ്ധരിച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്നത്.