| Tuesday, 18th July 2017, 10:19 am

ഒരു മുസ്‌ലീം സ്ത്രീ നെയില്‍പോളിഷ് ഉപയോഗിക്കുകയോ; ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത പത്താനോട് മതമൗലികവാദികളുടെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ആക്രമണം. ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഇര്‍ഫാന്‍ പത്താന് നേരെ സൈബര്‍വാദികള്‍ രംഗത്തെത്തിയത്.

” ദിസ് ഗേള്‍ ഈസ് ട്രബിള്‍ ” എന്ന് പറഞ്ഞുകൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്‌ക്കൊപ്പമിരിക്കുന്ന ഫോട്ടോയായിരുന്നു ഇര്‍ഫാന്‍ പത്താന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.


Dont Miss നിങ്ങളുടെ ദിലീപേട്ടന്‍ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനല്ല: നടി അനിതയ്ക്ക് ലല്ലു ശശിധരന്റെ മറുപടി


എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. കയ്യില്‍ നെയില്‍പോളിഷ് ഇടുന്നത് ഇസ് ലാമിന് ചേരുന്നതല്ലെന്നും കൈയും മുഖവും മറയ്ക്കാന്‍ ഭാര്യയോട് പറയണമെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍.

താങ്കളെയും കുടുംബത്തേയും ഏറെ ഇഷ്ടപ്പെടുന്ന ഒരു ആരാധകനാണ് താനെന്നും എന്നാല്‍ ഭാര്യയുടേയോ മറ്റ് മുസ്‌ലീം സ്ത്രീകളുടേയോ ഫോട്ടോ വെച്ച് ഫേസ്ബുക്കില്‍ അപ്‌ഡേഷന്‍ നടത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നുമായിരുന്നു റഹ്മാന്‍ മാജിദ് എന്നയാളുടെ കമന്റ്.

ഇന്ന് മുഖത്തിന്റെ പാതി മറച്ച ഫോട്ടോയിടും നാളെ മുഖം മുഴുവന്‍ കാണിച്ചുള്ള ഫോട്ടോയും അതുകഴിഞ്ഞാല്‍ ഹിജാബ് ഇല്ലാതെയുള്ള ഫോട്ടോയും പിന്നെ വസ്ത്രമില്ലാത്ത ഫോട്ടായിയിരിക്കും ഇടാന്‍ പോകുന്നതെന്നുമായിരുന്നു മറ്റൊരാളുടെ വിമര്‍ശനം.

അതേസമയം ഇര്‍ഫാനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. ഇസ്‌ലാമിന്റെ മഹത്വത്തെ അറിയാന്‍ ശ്രമിക്കാതെ ദീനിനെ കളിയാക്കുന്ന വിഡ്ഡികള്‍ എന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണം.

അതേസമയം ഇര്‍ഫാനെ വിമര്‍ശിക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും ഫോട്ടോക്ക് താഴെ വരുന്നത്. താങ്കള്‍ മാത്രം കാണേണ്ട സൗന്ദര്യം നാട്ടുകാരെ കാണിക്കുന്നത് ശരിയാണോയെന്നും പരലോകത്ത് ചെല്ലുമ്പോള്‍ മറുപടി പറയേണ്ടി വരുമെന്നുമാണ് കമന്റിലൂടെയുള്ള ചിലരുടെ പരിഹാസം.

നേരത്തെ സ്ലീവ് ലെസ് വസ്ത്രമണിഞ്ഞ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് നേരെയും മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു.

ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് ഷമി മറുപടി നല്‍കുകയും ചെയ്തിരുന്നു. മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി.

യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെയും മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more