തൃശൂര്‍: തൃശൂര്‍ ഗിരിജ തിയേറ്റര്‍ ഉടമക്ക് നേരെ സൈബര്‍ ആക്രമണം. 12ലേറെ തവണ തിയേറ്ററിന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ചതായി ഉടമ ഗിരിജ പറയുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമോഷന്‍ ടീമിനെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചെങ്കിലും സൈബര്‍ ആക്രമണം തുടരുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
‘ ബുക്ക് മൈ ഷോയില്‍ എന്റെ തിയേറ്ററിന്റെ പേരില്ല. എനിക്ക് ആശ്രയിക്കാന്‍ സാധിക്കുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമാണ്. ഞാന്‍ തന്നെയാണ് ഇവ കൈകാര്യം ചെയ്യുന്നത്. 2018 മുതല്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് 12 തവണ പൂട്ടിച്ചു. മധുര മനോഹര മോഹം സിനിമയെ പ്രമോട്ട് ചെയതപ്പോള്‍ നിങ്ങളാണോ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നേ എന്നൊക്കെ ചോദിച്ച് മെസേജ് വന്നു. ഞാന്‍ വാട്‌സ് ആപ്പ് ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ മോശം മെസേജുകളൊക്കെ വരുകയാണ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം വഴി പ്രമോട്ട് ചെയ്തു വന്നപ്പോള്‍ അതും മാസ്സ് റിപ്പോര്‍ട്ട് അടിച്ച് പോയി. ഇപ്പോള്‍ ഫേസ്ബുക്കോ, ഇന്‍സ്റ്റഗ്രാമോ, ഒന്നുമില്ല,’ അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഏത് സിനിമയാണ് തന്റെ തിയേറ്ററില്‍ ഉള്ളതെന്ന് ജനങ്ങളെ അറിയിക്കാന്‍ തനിക്ക് ഒരു മാര്‍ഗവുമില്ലാതെ ആയെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഗിരിജ പറഞ്ഞു.
‘ഏത് സിനിമയാണ് തിയേറ്ററിലെന്ന് ജനങ്ങളെ അറിയിക്കാന്‍ സാധിക്കുന്നില്ല. അങ്ങനെ ഒരു മാഫിയ ആണ് ഇതിന് പിന്നില്‍. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. സൈബര്‍ സെല്ലില്‍ പല തവണ പരാതി നല്‍കി. എന്നിട്ടും കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. ചില നിര്‍മാതാക്കള്‍ക്ക് ഭയമാണ്. സൈറ്റ് ഒന്നുമില്ലാതെ നിങ്ങള്‍ക്ക് എങ്ങനെയാണ് പടം നല്‍കുകയെന്നാണ് ചോദിക്കുന്നത്. ഇങ്ങനെ ഉപദ്രവിക്കുന്നത് കഷ്ടമാണ്. സഹിക്കാനാകുന്നില്ല,’ അവര്‍ പറഞ്ഞു.
Content Highlight: Cyber attack against girija theatre owner