ഇന്ത്യ ശത്രുരാജ്യമല്ലെങ്കില്‍ അങ്ങോട്ട് പോടാ; ഇന്ത്യയെ പിന്തുണച്ച പാക് താരത്തിനെതിരെ സൈബര്‍ ആക്രമണം
Sports News
ഇന്ത്യ ശത്രുരാജ്യമല്ലെങ്കില്‍ അങ്ങോട്ട് പോടാ; ഇന്ത്യയെ പിന്തുണച്ച പാക് താരത്തിനെതിരെ സൈബര്‍ ആക്രമണം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th May 2022, 4:53 pm

ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു മുന്‍ പാക് താരം ഡാനിഷ് കനേരിയയുടെ വെളിപ്പെടുത്തല്‍. മുന്‍ പാക് നായകനും ഓള്‍ റൗണ്ടറുമായ ഷാഹിദ് അഫ്രിദിക്കെതിരെ കനേരിയ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു ക്രിക്കറ്റ് ലോകത്തില്‍ ചര്‍ച്ചയായത്.

താനൊരു ഹിന്ദുവായതിനാല്‍ അഫ്രിദി തന്നെ ടീമില്‍ എടുത്തിരുന്നില്ലെന്നും തന്നെ ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നു താരം സ്വീകരിച്ചതെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഇതിന് പുറമെ ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച അഫ്രിദിയുടെ നിലപാടിനെതിരെയും താരം വിമര്‍ശനമുന്നയിച്ചിരുന്നു. ഒരു ഇന്ത്യന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഫ്രിദി ശത്രുരാജ്യമെന്ന പദം ഉപയോഗിച്ചത്.

”ഇന്ത്യ ഒരിക്കലും നമ്മുടെ ശത്രുവല്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കള്‍. ഇന്ത്യയെ നിങ്ങളുടെ ശത്രുവായി കരുതുന്നുവെങ്കില്‍, ഒരിക്കലും ഇന്ത്യന്‍ ചാനലിനോ മീഡിയയ്‌ക്കോ അഭിമുഖം നല്‍കരുത്,’ എന്നായിരുന്നു കനേരിയ പറഞ്ഞത്.

ഇതിന് മറുപടിയായി അഫ്രിദിയും രംഗത്തെത്തിയിരുന്നു. ‘ആരാണ് ഇത് പറയുന്നതെന്ന് നോക്കൂ. ചീപ്പായ പ്രശസ്തിക്ക് വേണ്ടിയാണ് അയാള്‍ ഇങ്ങനെ പറയുന്നത്. കനേരിയ എനിക്കെന്റെ സ്വന്തം സഹോദരനെ പോലെ ആയിരുന്നു. ഒരേ ടീമില്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ കളിച്ചിരുന്നു,’ അഫ്രിദി പറയുന്നു.

ഇതിന് പിന്നാലെയാണ് കനേരിയയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്.

”ഇന്ത്യയെ പിന്തുണയ്ക്കുന്ന നിനക്കൊന്നും ഇവിടെ തുടരാന്‍ യോഗ്യതയില്ല’ ‘ഇന്ത്യയാണ് നല്ലതെന്ന് തോന്നുന്നുണ്ടെങ്കില്‍ അങ്ങോട്ട് തന്നെ നാടുവിട്ട് പോയ്‌ക്കോളണം’ ‘ഇവിടെ മതത്തിന് അതിന്റേതായ സ്ഥാനമുണ്ട്’ ‘അഫ്രിദിയെ എതിര്‍ക്കാന്‍ നീയായിട്ടില്ല’ എന്നിങ്ങനെയാണ് കനേരിയയ്‌ക്കെതിരെ സൈബറിടത്തില്‍ ആക്രമണം നടക്കുന്നത്.

Content Highlight: Cyber Attack against former Pakistan spinner Danish Kaneria