| Monday, 13th September 2021, 9:41 pm

പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്നിട്ട് പാര്‍ട്ടിയെ പഠിപ്പിക്കാന്‍ നോക്കണ്ട; തഹ്‌ലിയയ്ക്കെതിരെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ഹരിത വിഷയത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തഹ്‌ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടയില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

മുസ്‌ലിം ലീഗ് അനുകൂല പ്രൊഫൈലില്‍ നിന്നുമാണ് സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ തണലിലാണ് നീ വളര്‍ന്നിട്ടുള്ളത്, നീ പാര്‍ട്ടിയെ പഠിപ്പിക്കാന്‍ നോക്കണ്ട പാര്‍ട്ടിയാണ് വലുത് തുടങ്ങിയ കമന്റുകളാണ് തഹ്‌ലിയയുടെ പോസ്റ്റിന് താഴെ വരുന്നത്.

മുസ്‌ലിം ലീഗിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ ഹരിത വിഷയത്തിലെ അനുകൂല നിലപാടുകളാണ് തഹ്‌ലിയയ്ക്ക് എം.എസ്.എഫ് ഭാരവാഹി സ്ഥാനത്ത് നിന്നും പുറത്തോട്ടുള്ള വഴിയൊരുക്കിയത്. മുസ്‌ലിം ലീഗിലെ പ്രമുഖരടക്കം പല നേതാക്കളും ഹരിത വിഷയത്തെ ലഘൂകരിച്ച് രംഗത്തെത്തിയിരുന്നു.

ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം.എസ്.എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്ലിയ

നേരത്തെ ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്ലിയ പത്രസമ്മേളനം നടത്തിയിരുന്നു. എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്നും തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്ലിയ പറഞ്ഞിരുന്നു.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു തഹ്ലിയയുടെ വാര്‍ത്ത സമ്മേളനം. ഇത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് ലീഗ് വിലയിരുത്തുന്നത്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റുമൈസ റഫീഖ് നേരത്തെ ജില്ല ഭാരവാഹിയായിരുന്നു. എം.എസ്.എഫ് അധ്യക്ഷനടക്കമുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ ട്രഷററായിരുന്ന പി.എച്ച് ആയിഷ ബാനു ഒപ്പ് വെച്ചിരുന്നില്ല.

അധ്യക്ഷന്‍ പി.കെ. നവാസിനും നേതൃത്വത്തിനും അനുകൂല നിലപാട് ആയിരുന്നു ആയിഷ സ്വീകരിച്ചിരുന്നത്. അതേസമയം ഹരിത എം.എസ്.എഫ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പി.എം.എ. സലാം വീണ്ടും ആരോപിച്ചു.

ഹരിത ഭാരവാഹികള്‍ക്ക് നിഗൂഡമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പിസമാണെന്നും സലാം ആരോപിച്ചു.

ഹരിത തര്‍ക്കത്തിന് കാരണം നവാസിന്റെ പരാമര്‍ശങ്ങളല്ല. തര്‍ക്കം മുമ്പ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകള്‍ വീണ് കിട്ടിയത് ഹരിത നേതാക്കള്‍ ആയുധമാക്കുകയായിരുന്നെന്നും സലാം ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Cyber Attack against Fathima Thahiliya

We use cookies to give you the best possible experience. Learn more