|

രാജ്യം ഭരിക്കുന്നവര്‍ക്ക് ഗുജറാത്ത് കലാപത്തിലുള്ള പങ്കിനെക്കുറിച്ച് പറഞ്ഞു, എമ്പുരാനെതിരെ വ്യാപക സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന് വന്‍ വരവേല്പാണ് കേരളക്കരയൊട്ടാക ലഭിച്ചത്. റിലീസിന് മുമ്പ് തന്നെ പല കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ക്കുകയും ചെയ്തതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നു.

എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവന ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിച്ചു. വര്‍ഷങ്ങളായി സംഘപരിവാര്‍ അനുകൂലികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേറ്റീവില്‍ നിന്ന് വ്യത്യസ്തമായി സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള നിലപാടുകളാണ് എമ്പുരാനില്‍ പറയുന്നത്.

ചിത്രം ബഹിഷ്‌കരിക്കണമെന്നും പൃഥ്വിരാജ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും ആരോപിച്ച നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഇതിനോടകം പോസ്റ്റുകളിട്ടുകഴിഞ്ഞു.

ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എമ്പുരാന്‍ പോലെ വലിയ മുടക്കുമുതല്‍ വേണ്ടിവന്ന സിനിമയില്‍ ആരും പറയാന്‍ മടിക്കുന്ന കാര്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച മുരളി ഗോപിയെ പലരും അഭിനന്ദിക്കുന്നുമുണ്ട്. ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന സംഘപരിവാര്‍ അനുകൂലികളെ ട്രോളിക്കൊണ്ടും ഒരുപാട് പോസ്റ്റുകള്‍ വരുന്നുണ്ട്.

ചിത്രത്തിനായി ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വ്യക്തിയുടെ പോസ്റ്റും വൈറലാണ്. ‘അസത്യ പ്രചരണങ്ങളോട് ഇത്രയേ ചെയ്യാനുള്ളൂ’ എന്ന ക്യാപ്ഷനോടെയാണ് ഒരാള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. പൃഥ്വിരാജിനെ ജിഹാദിയെന്നാരോപിച്ചുകൊണ്ടുള്ള പോസ്റ്റുകളും പലരും പ്രചരിപ്പിക്കുന്നുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഏറ്റവും പുതിയ പോസ്റ്റിന് താഴെയും പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്. പൃഥ്വിരാജിന് വാരിയംകുന്നന്‍ എടുക്കാന്‍ കഴിയാത്തതിന്റെ ചൊരുക്ക് ഈ സിനിമയിലൂടെ മാറ്റിയെന്നും ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കാനാണ് ഇതെന്നും ഒരാള്‍ കമന്റ് ചെയ്തു. ഈ സിനിമ കണ്ട് കാശ് കളയണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്ത് കലാപത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടമായ കഥാപാത്രമായാണ് സയേദ് മസൂദിനെ കാണിക്കുന്നത്. പൃഥ്വിരാജാണ് സയേദിനെ അവതരിപ്പിക്കുന്നത്. ഇത്തരമൊരു കഥ സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെയും പലര്‍ പ്രശംസിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ശേഷം തീവ്രവലതുക്ഷ പ്രൊഫൈലുകളുടെ ഉറക്കം കെടുത്തുന്ന ചിത്രമാകും എമ്പുരാനെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.

Content Highlight: Cyber Attack against Empuraan movie for Gujarat Riot reference