പി.ആര്‍ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കെ.യു.ഡബ്ല്യു.ജെ
Kerala News
പി.ആര്‍ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കെ.യു.ഡബ്ല്യു.ജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th May 2021, 3:55 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക പി.ആര്‍ പ്രവീണയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍.

പ്രവീണയ്‌ക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടമാണെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രവണതകളെ മാധ്യമലോകം ഒന്നിച്ച് നിന്ന് തോല്‍പ്പിക്കണമെന്നും കെ.യു.ഡബ്ല്യു.ജെ വാര്‍ത്താക്കുറിപ്പിറല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്തരം സൈബര്‍ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും നേരില്‍ കണ്ട് പരാതി നല്‍കുമെന്നും യൂണിയന്‍ വ്യക്തമാക്കി.

കെ.യു.ഡബ്ല്യു.ജെയുടെ പ്രസ്താവന:

സഹപ്രവര്‍ത്തകരെ,

ഏഷ്യാനെറ്റ് ന്യൂസില്‍ ജോലിചെയ്യുന്ന നമ്മുടെ സഹപ്രവര്‍ത്തക പി.ആര്‍ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടമാണ്. എല്ലാ അതിരുകളും കടന്നുള്ള ഈ ആക്രമണം കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് എതിര്‍ക്കേണ്ടതാണ്. തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലും ഈ പ്രചരണം മാറിയിട്ടുണ്ട്. പി.ആര്‍ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേരള പത്രപവര്‍ത്തക യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം സൈബര്‍ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പി യെയും നേരില്‍ കണ്ട് യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരാതി നല്‍കും. വ്യക്തി സ്വാതന്ത്ര്യവും തൊഴില്‍ സ്വാതന്ത്ര്യവും ഇല്ലാതാക്കി പ്രവീണയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഏതറ്റം വരെ പോയും യൂണിയന്‍ ചെറുത്ത് തോല്‍പ്പിക്കും. പി.ആര്‍ പ്രവീണയ്ക്ക് യൂണിയന്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസും പി.ആര്‍ പ്രവീണയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ചാനല്‍ വ്യക്തമാക്കിയിരുന്നു.

തെറ്റ് തിരുത്തി എന്നു പറയുമ്പോള്‍ തന്നെ അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞ് കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിന് നിന്നുകൊടുക്കുന്ന പ്രശ്നമില്ലെന്നും അതിശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയത്.
ചാനല്‍ ഓഫീസിലേക്ക് വിളിച്ച വ്യക്തിയോട് മാധ്യമപ്രവര്‍ത്തക അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തത്തുടര്‍ന്ന് നേരത്തെ ഏഷ്യാനെറ്റ് ഖേദം പ്രകടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ മതിയായ പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്ന് പറഞ്ഞ് ചാനലിലേക്ക് വിളിച്ചയാളോട് മാധ്യമപ്രവര്‍ത്തക പ്രകോപനപരമായി സംസാരിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണം അപക്വമായിരുന്നെന്നും അനാവശ്യമായിരുന്നെന്നും പറഞ്ഞ ഏഷ്യാനെറ്റ്, മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക തന്നെ വിശദീകരണം നല്‍കിയിരുന്നു. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തന്റെ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. ബംഗാള്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സമാനമായ നിരവധി ഫോണ്‍കോളുകള്‍ ചാനല്‍ ഓഫീസിലേക്ക് വന്നിരുന്നുവെന്നും ഒടുവില്‍ നിയന്ത്രണം വിടുകടയായിരുന്നുവെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രതികരണമെന്നും നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയതാണ്.

എന്നാല്‍ ഇതിന് പിന്നാലെയും ചാനലിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ ആര്‍.എസ്.എസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും ഉണ്ടായിരുന്നു

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Content Highlights: Cyber attack against asianet news reporter PR -Praveena, kuwj- submit complaint to cm