| Wednesday, 10th March 2021, 2:48 pm

പിച്ചക്കാര്‍ക്ക് പോലും ഇങ്ങനെത്തെ പാന്റ് കാണില്ലല്ലോ; നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം. ഇന്‍സ്റ്റഗ്രാമില്‍ നിമിഷ പോസ്റ്റ് ചെയ്ത ഫോട്ടോ മറ്റൊരു സോഷ്യല്‍ മീഡിയ പേജില്‍ വന്നിരുന്നു. ഇതിന് താഴെയാണ് നടിയുടെ വസ്ത്രത്തിനെതിരെ അധിക്ഷേപ കമന്റുകളുമായി നിരവധി പേരെത്തിയത്.

ഇത്രയും കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടിട്ടില്ലല്ലോ, പിരിവെടുത്തെങ്കിലും ആരെങ്കിലും കുട്ടിക്ക് വസ്ത്രം വാങ്ങി നല്‍കണേ, നല്ലൊരു നടിയായിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ എന്നിങ്ങനെയാണ് വന്നിരിക്കുന്ന കമന്റുകളില്‍ അധികവും.

ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ മേക്കപ്പിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും നിമിഷ പറഞ്ഞ കമന്റുകളെ വികൃതമായി വ്യാഖ്യാനിച്ചും ചിലരെത്തുന്നുണ്ട്. ആനി ചേച്ചിയോട് അന്നേ പറഞ്ഞിരുന്നതല്ലേ മേക്കപ്പും തുണിയും ഇടൂലാന്ന്, നിമിഷ പറഞ്ഞ വാക്ക് പാലിച്ചുവെന്നാണ് ഒരു കമന്റ്.

കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ മേക്കപ്പിടും, സ്വകാര്യജീവിതത്തില്‍ അതിന്റെ ആവശ്യം തോന്നിയിട്ടില്ലെന്നും ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നുമായിരുന്നു നിമിഷ പറഞ്ഞിരുന്നത്.

അതേസമയം സൈബര്‍ ആങ്ങളമാര്‍ക്കുള്ള മറുപടിയുമായും ചിലരെത്തിട്ടിയുണ്ട്. ‘അയ്യേ… നാണമില്ലാത്തവള്‍, നിനക്ക് ഞങ്ങളെ പോലെ കേരളതനിമയില്‍ ഡബിള്‍ മുണ്ടുടുത്ത് മടക്കി കുത്തി അടിവസ്ത്രം വരെ കാണിച്ച് നടന്നൂടെ,’ എന്നാണ് അധിക്ഷേപങ്ങളെ പരിഹസിച്ചുകൊണ്ട് ഒരാളെഴുതിയത്.

മാര്‍ച്ച് എട്ടിനാണ് ഗ്രൂപ്പില്‍ നിമിഷയുടെ ഫോട്ടോ വന്നത്. വനിതാദിനം ആശംസിച്ച് പോസ്റ്റുകളും സ്റ്റാറ്റസുകളും ഇടുന്നവര്‍ തന്നെയാണ് ഇവിടെ വന്ന് അധിക്ഷേപം ചൊരിയുന്നതെന്ന് മറക്കരുതെന്നാണ് ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റ്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് നിമിഷയുടെ അവസാനമിറങ്ങിയ ചിത്രം. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ നടി കാഴ്ച വെച്ചത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നിമിഷയുടെ ഒരുപിടി ചിത്രങ്ങളാണ് ഉടന്‍ തിയേറ്ററുകളിലെത്തുക. തുറുമുഖം, മാലിക്, നായാട്ട് തുടങ്ങി മലയാളികള്‍ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായാണ് നിമിഷയെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: cyber attack against actress Nimisha Sajayan over her clothes

We use cookies to give you the best possible experience. Learn more