| Thursday, 30th November 2023, 1:14 pm

സീരിയലുകളിലെ സംഘപരിവാർ കടന്നുകയറ്റത്തെ വിമർശിച്ചതിന് നടി ഗായത്രിക്കെതിരെ സൈബർ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാംസ്കാരിക മേഖലയിലേക്കുള്ള സംഘപരിവാർ കടന്നുകയറ്റങ്ങളെ കുറിച്ച് തുറന്നുസംസാരിച്ച അഭിനേത്രി ഗായത്രി വർഷക്കെതിരെ സൈബർ ആക്രമണം.

ആറ് മണി മുതൽ പത്ത് മണി വരെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിൽ ന്യൂനപക്ഷക്കാരന്റെയോ ദളിതന്റെയോ മുസ്‌ലിമിന്റെയോ കഥപറയാൻ ശ്രമിക്കുന്നുണ്ടോ എന്ന് ചോദിക്കുന്ന ഗായത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നമ്മൾ സീരിയലുകളിൽ എന്തു കാണണം എന്ന് തീരുമാനിക്കുന്നത് ഒരു ട്രയാങ്കിൾ ആണെന്നും അദാനിയും അംബാനിയും ടാറ്റയും അടങ്ങുന്ന കോർപ്പറേറ്റുകളാണ് ഈ ട്രയാങ്കിളിന്റെ ഒരു കോൺ എന്നും ഗായത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഈ ട്രയാങ്കിളിന്റെ മറ്റു രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ബേസ് തീരുമാനിക്കുന്നത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സവർണ്ണ ഫാസിസ്റ്റ് ഭരണകൂടം ആണെന്നും ഏഷ്യാനെറ്റും സ്റ്റാറും സീ ടി.വിയും സൺ ഗ്രൂപ്പുമെല്ലാം ഈ ട്രയാങ്കിളിനകത്താണെന്നും ഗായത്രി പറയുന്നു.

ഈ പരാമർശങ്ങളുടെ പേരിലാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗായത്രിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.

ഗായത്രി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ കൂട്ടുപിടിച്ച് സ്ത്രീവിരുദ്ധമായ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. അതേസമയം, ഗായത്രിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും ഗായത്രിക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നുവെന്നും അവരെ നിശബ്ദമാക്കാൻ ഒരിക്കലും സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഗായത്രിയുടെ പ്രസംഗം ഷെയർ ചെയ്യുന്നത്.

CONTENT HIGHLIGHT: Cyber attack against Actress Gayathri Varsha

We use cookies to give you the best possible experience. Learn more