| Tuesday, 13th April 2021, 11:41 am

ഒരാളുടെ ജീവിതത്തെ വെച്ചല്ല പരിഹസിക്കേണ്ടത്, വ്യക്തിഹത്യ നടത്താന്‍ ആര്‍ക്കും അധികാരമില്ല; കൈലാഷിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ കൈലാഷിനെതിരെയുള്ള വ്യാപക ട്രോള്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടന്‍ അപ്പാനി ശരത്ത്. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്.

എന്നാല്‍ ഒരാളുടെ ജീവിതത്തെ വെച്ചല്ല പരിഹസിക്കേണ്ടതെന്നും അങ്ങനെ ചെയ്യുന്നത് മനുഷ്യത്വരഹിതവുമാണെന്ന് അപ്പാനി ശരത് മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.

”കൈലാഷ് എന്ന നടന്‍ 10 വര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത നീലത്താമര എന്ന മികച്ച ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. രണ്ട് സിനിമകളാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം ചെയ്തത്. അതില്‍ രണ്ടാമത്തേതാണ് മിഷന്‍ സി. വ്യക്തിപരമായി അദ്ദേഹത്തിനെ എനിക്ക് നന്നായി അറിയാം.

വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന അര്‍പ്പണബോധമുള്ള ഒരു നടനാണ് അദ്ദേഹം. മിഷന്‍ സിയില്‍ അദ്ദേഹം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടുന്ന ഒരു രംഗം പോലുമുണ്ട്. പെര്‍ഫക്ഷന് വേണ്ടി ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങള്‍ എല്ലാവരെപ്പോലെയും നിലനില്‍പ്പിനായി സിനിമകള്‍ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹത്തിന്റെ സിനിമകള്‍ കാണണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ കാണാം, കാണാതിരിക്കാം. എന്തടിസ്ഥാനത്തിലാണ് ഈ പരിഹാസം. ഇത്തരം പരിഹാസങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഇവര്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഇതൊന്നും ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. സിനിമ മോശമാണെങ്കില്‍ വിമര്‍ശിക്കാം, എന്നാല്‍ ഒരു വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത് തെറ്റാണെന്ന് തിരിച്ചറിയണമെന്നും അപ്പാനി ശരത് പറഞ്ഞു.

നടന്‍ കൈലാഷിനെതിരെയുള്ള വ്യാപക ട്രോള്‍ ആക്രമണത്തില്‍ പ്രതികരിച്ച് ‘മിഷന്‍ സി’ സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂരും രംഗത്തെത്തിയിരുന്നു.

ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും വിനോദ് ഗുരുവായൂര്‍ പ്രതികരിച്ചിരുന്നു.

വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയര്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയില്‍ ശരത് അപ്പാനിയാണ് നായകന്‍. സിനിമയില്‍ പ്രധാനറോളാണ് തന്റേതെന്ന് മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്.

മിഷന്‍ സിയില്‍ അദ്ദേഹം നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും. ഇപ്പോള്‍ സിനിമയെ പോലും മോശമായി ചിത്രീകരിക്കുകയാണ്.

ഇതൊരു അടിച്ചമര്‍ത്തല്‍ പോലെയാണ് തോന്നിയത്. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വയം മാറിനില്‍ക്കാന്‍ നിങ്ങള്‍ തയാറാകണം.

ട്രോളുകള്‍ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോള്‍ അത് സങ്കടകരമാകും. ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വളര്‍ന്ന് അധ്വാനിച്ച് ചാന്‍സ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയില്‍ എത്തിയ താരമാണ് കൈലാഷ്.

ചിലപ്പോള്‍ എല്ലാ സിനിമകളും വലിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചന്ന് വരില്ല. സംവിധായകന്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം.

പക്ഷേ ഇന്നും സംവിധായകര്‍ അദ്ദേഹത്തെ വിളിക്കുകയും സിനിമകള്‍ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിര്‍ത്തിയാല്‍ അയാളെ ഒരു സംവിധായകന്‍ വിളിക്കില്ല.

കോടീശ്വരനായ കൈലാഷിനെ താന്‍ കണ്ടിട്ടില്ലെന്നും വളരെ സാധാരണക്കാരനാണ് അദ്ദേഹമെന്നും അത് തനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണെന്നും വിനോദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cyber Attack Against Actor Kailaash menon

We use cookies to give you the best possible experience. Learn more