കൊച്ചി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ നടി അനശ്വര രാജന്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. അനശ്വരയ്ക്ക് പിന്തുണയുമായി ‘ വി ഹാവ് ലഗ്‌സ് ‘ ക്യാമ്പയിനുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ സമാനമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് നടി എസ്തര്‍. ഒരു ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയത്.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് ഇക്കൂട്ടര്‍ എത്തിയത്.
ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് സൈബര്‍ സദാചാരക്കാരെ വെറിപിടിപ്പിച്ചത്. ഇത്തരം വസ്ത്രം ധരിക്കുന്നത് കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണെന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.
മോള് പുരോഗമിക്കുന്നുണ്ടെന്നും സമീപ ഭാവിയില്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമര്‍ശം. നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ നടക്കുകയാണെന്നും ഇതിനൊക്കെ അതിനുമാത്രം പ്രായമായോ തുടങ്ങി ആക്ഷേപകരമായ അനേകം പരാമര്‍ശങ്ങളാണ് എസ്തറിനെതിരെ കമന്റ്ബോക്സില്‍ നിറയുന്നത്. ബ്രോയിലര്‍ കോഴിയെന്നൊക്കെ വിളിച്ച് അങ്ങേയറ്റം തരംതാഴ്ന്ന കമന്റുകളാണ് ചിലര്‍ എഴുതിവിടുന്നത്.
നേരത്തെ അനശ്വര രാജനെതിരെ സൈബര്‍ ആക്രണമുണ്ടായപ്പോള്‍ അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയ വ്യക്തി കൂടിയാണ് എസ്തര്‍. പ്രായഭേദമില്ലാതെ എല്ലാ താരങ്ങളും ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും അനശ്വരയുടെ വിഷയമുണ്ടായപ്പോഴാണ് പരിധികള്‍ ലംഘിക്കുന്ന ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് എസ്തര്‍ പ്രതികരിച്ചത്.
സമൂഹത്തിന് പുരുഷതാരങ്ങളോടും സ്ത്രീ താരങ്ങളോടും രണ്ട് നീതിയാണെന്നും ഓണ്‍ലൈന്‍ ആങ്ങളമാര്‍ ടോക്സിക്കാണെന്നും അന്ന് എസ്തര്‍ വിമര്‍ശിച്ചിരുന്നു. കാലുകള്‍ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എസ്തറും ‘വീ ഹാവ് ലെഗ്‌സ്’ ക്യാമ്പയിന്റെ ഭാഗമായത്.
നേരത്തെ സൈബര്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജനെ പിന്തുണച്ചാണ് ‘ വീ ഹാവ് ലെഗ്‌സ് ക്യാമ്പയിന്’ താരങ്ങള്‍ തുടക്കം കുറിച്ചത്.
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്. പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്‌ക്കെതിരെ കമന്റുകള്‍ നിറഞ്ഞത്.
എന്നാല്‍, വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവെച്ചുകൊണ്ടായിരുന്നു അനശ്വര ഇതിന് മറുപടി പറഞ്ഞത്. ‘ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ’ എന്നായിരുന്നു അനശ്വരയുടെ മറുപടി.
അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെ്തിരുന്നു. നടി റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, നസ്രിയ നസീം, രജിഷ വിജയന്‍, അന്ന ബെന്‍ തുടങ്ങി നിരവധി നടിമാര്‍ വീ ഹാവ് ലെഗ്‌സ് ക്യാംപയിനിന്റെ ഭാഗമായിരുന്നു.
ക്യാംപയിനിന്റെ ഭാഗമായി നടി അന്ന ബെന്‍ പങ്കുവെച്ച ചിത്രത്തിന് താഴെയും ചില സൈബര്‍ ആങ്ങളമാര്‍ സദാചാരം പഠിപ്പിക്കാനെത്തിയിരുന്നു.
അന്ന ബെന്നിന്റെ ഫോട്ടോയ്ക്ക് കീഴെ വന്ന് ലെഗ് പീസ് ഇല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ തന്നെ ഹാന്‍ഡ് പീസ് മതിയോ എന്നു ചോദിച്ച് താരം മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: cyber-attack against actor Esther for her dressing