Kerala News
അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണം; സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 29, 08:27 am
Tuesday, 29th August 2023, 1:57 pm

കോട്ടയം: അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ കേസ്. അച്ചു ഉമ്മന്റെ പരാതിയില്‍ മുന്‍ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതാവുമായ നന്ദകുമാര്‍ കൊളാത്തിപ്പിള്ളിക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് നന്ദകുമാറിനെതിരെ ഡി.ജി.പിക്കും സൈബര്‍ പൊലീസിനും പൂജപ്പുര പൊലീസിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. തനിക്കെതിരെ വന്ന സൈബര്‍ ആക്രമണത്തിന്റെ ഫേസ്ബുക്ക് ലിങ്കുകള്‍ അടക്കം നല്‍കികൊണ്ടാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയത്.

അതേസമയം പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.

‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അച്ചു ഉമ്മന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവര്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ നിരവധി പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി.തോമസും സി.പി.ഐ.എം നേതൃത്വവും സൈബര്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയായാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയായാലും വ്യക്തി അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ജെയ്ക് പറഞ്ഞിരുന്നു.

എന്നാല്‍ തന്നെ ആക്രമിക്കുന്നത് തൊഴിലിനെ മുന്‍ നിര്‍ത്തിയാണെന്നും ഒരു വര്‍ഷവും ഒമ്പത് മാസവും മുമ്പ് തുടങ്ങിയ തൊഴിലിന്റെ ഭാഗമായി തന്റെ പേജില്‍ ഞാന്‍ തന്നെ അഡ്വറ്റൈസ് ചെയ്ത ദൃശ്യങ്ങളെടുത്ത് കൊണ്ടാണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും അച്ചു ഉമ്മനും പ്രതികരിച്ചിരുന്നു.

content highlights: Cyber ​​attack against Achu Oommen; Case against ex-secretariat official