| Friday, 1st June 2018, 11:11 am

'പുണ്യമാസമാണെന്ന് ഓര്‍മ്മയില്ലെ, സ്വന്തം മകളാണെങ്കിലും ഇത്തരം തമാശ പാടില്ല'; ആമിര്‍ ഖാനും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതുവേ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റായ ആമിര്‍ ഖാന്‍.
എന്നാല്‍ ഇപ്പോളിതാ ഒരുകൂട്ടം ആളുകള്‍ ആമിറിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിനിടെ കിട്ടിയ ചെറിയ ഇടവേളയില്‍ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ബന്ധുവും നിര്‍മ്മാതാവുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാളാഘോഷത്തിനായാണ് കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് കുറച്ചു പേരെ ചൊടിപ്പിച്ചത്.


Also Read പരിക്ക് പാപത്തിന്റെ ഫലം; മുഹമ്മദ് സലയ്‌ക്കെതിരെ ഇസ്ലാമിക പുരോഹിതന്‍


പുണ്യ റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കാതെ ഭക്ഷണം കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. അതേ സമയം മകള്‍ ഇറയുടെ കൂടെയുള്ള ചിത്രമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ മുകളില്‍ കയറിയിരിക്കുന്ന മകളുടെ ചിത്രത്തിന് താഴെയാണ് കമന്റുകള്‍ വരുന്നത്.

സ്വന്തം മകളാണെങ്കിലും ചെറിയകുട്ടിയല്ല മുതിര്‍ന്ന പെണ്‍കുട്ടിയാണെന്നും മുതിര്‍ന്ന മകളുമായി ഇത്തരത്തില്‍ തമാശ കളിക്കരുത് എന്നുമാണ് സൈബര്‍ സദാചാരവാദികളുടെ നിര്‍ദ്ദേശം. ഇറയുടെ വസ്ത്രവും ചിലര്‍ക്ക് പ്രശ്‌നമായിട്ടുണ്ട്. റമദാന്‍ മാസത്തില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്ന് മകളോട് പറയണമെന്നും കമന്റില്‍ പറയുന്നവരുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന് ചേരാത്ത കാര്യമാണ് ഇതെന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം, ആമിറിനേയും കുടുംബത്തേയും പിന്തുണച്ചുകൊണ്ടും ആളുകള്‍ കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. അച്ഛന്‍ മകള്‍ ബന്ധത്തിന് അപ്പുറം അശ്ലീലം കാണുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more