Kerala News
ഉപ്പും മുളകും ശിവാനിക്കെതിരെ സൈബര്‍ അധിക്ഷേപം; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 07, 09:35 am
Thursday, 7th November 2024, 3:05 pm

കോഴിക്കോട്: ‘ഉപ്പും മുളകും’ ഫെയിം ശിവാനി മേനോനെതിരെ സൈബര്‍ അധിക്ഷേപം. ശിവാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോക്കെതിരെയാണ് സൈബര്‍ അധിക്ഷേപം ഉണ്ടായത്.

ഒക്ടോബര്‍ 23ന് ശിവാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. സാധാരണയായി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാറുണ്ട്. ഈ പതിവ് ശിവാനിയുടെ പോസ്റ്റിലും തുടരുകയായിരുന്നു.

ശിവാനിയുടെ ചിത്രങ്ങള്‍ സെലിബ്രിറ്റി പേജുകളിലും ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പുകളിലും പങ്കുവെക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ ഒരു കൂട്ടം ആളുകള്‍ അശ്ലീലമായി കമന്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ അധിക്ഷേപിക്കും വിധത്തിലുള്ള പ്രതികരണങ്ങളാണ് ഈ വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.

ശാരീരികമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ഉപ്പും മുളകും പരിപാടിയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ക്കെതിരെയും അധിക്ഷേപമുണ്ട്.

അതേസമയം അശ്ലീല കമന്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ഈ കേരളത്തില്‍ ജനിച്ചതും ജീവിക്കുന്നതും ഇത്തരം സാഹചര്യങ്ങളില്‍ മാത്രമാണ് തെറ്റായി തോന്നുന്നത്, ലജ്ജിക്കുന്നു കേരളമേ, സാക്ഷര കേരളത്തിന്റെ അവസ്ഥ, പ്രതികരിക്കുന്നവരുടെ വീട്ടിലും സ്ത്രീകളില്ലേ, കൊച്ചുകുട്ടികളെ പോലും മറ്റൊരു കണ്ണുകൊണ്ട് കാണുന്ന സമൂഹം എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

Content Highlight: Cyber ​​abuse against uppum mulakum fame Shivani menon