തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പെടുത്തുകയും മറ്റൊരാള്‍ക്ക് ദത്ത് നല്‍കുകയും ചെയ്ത സംഭവത്തില്‍ വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി.
കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുന്‍പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അനുപമ കുഞ്ഞിന്റെ ഒരു വിവരങ്ങളും പറഞ്ഞില്ലെന്നായിരുന്നു ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വാദം.
അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നും ഇവര്‍ പറയുന്നു. അതേസമയം ശിശുക്ഷേമ സമിതി കുട്ടിയെ സ്വീകരിക്കാന്‍ പാടില്ലായിരുന്നെന്നും സുനന്ദ പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍പില്‍ അനുപമ വന്നിട്ടില്ല. ഏപ്രില്‍ 22 ന് അവര്‍ വന്നിരുന്നു. അന്ന് തന്നെ അവരോട് നേരിട്ട് ഹാജരായി സി.ഡബ്ല്യു.സി മുന്‍പാകെ പരാതി എഴുതി നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പിന്നീട് ഓഗസ്റ്റ് മാസത്തില്‍ മാത്രമാണ് ഞങ്ങളെ സമീപിക്കുന്നത്. അവര്‍ക്ക് ആ കുട്ടിയെ കുറിച്ച് ഐഡന്റിഫിക്കേഷന്‍ മാര്‍ക്കില്ല, ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല, ഒന്നും തന്നെ അവരുടെ കൈവശമില്ല. അതുകൊണ്ട് അവര്‍ക്ക് കൃത്യമായി ഒന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു, സുനന്ദ പറഞ്ഞു.
ഒക്ടോബര്‍ 22 നാണ് ഡിസ്ചാര്‍ജ് ആയതെന്നും വരുന്ന വഴിയില്‍ വെച്ചാണ് അച്ഛന്‍ കുഞ്ഞിനെ കൈമാറിയതെന്നും ആ ദിവസം രണ്ട് കുട്ടികള്‍ മാത്രമായിരുന്നില്ലേ ശിശുക്ഷേമ സമിതിയില്‍ എന്ന ചോദ്യത്തിന് ആ ദിവസത്തിന്റെ കഥയല്ല ഇവര്‍ക്ക് തന്നെ ആ ദിവസം ഏതാണെന്ന് അറിയില്ലായിരുന്നെന്നായിരുന്നു ചെയര്‍പേഴ്‌സണിന്റെ വാദം.
ആ വിഷയം പൊലീസിനെ അറിയിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യത്തിന് പൊലീസിനെ അവര്‍ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ വീണ്ടും സി.ഡബ്ല്യു.സി പരാതി നല്‍കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
എന്നാല്‍ കൊവിഡായതിനാല്‍ തന്നോട് ഓഫീസിലേക്ക് വരരുത് എന്ന് പറഞ്ഞെന്നും അതിനാലാണ് നേരിട്ട് എത്താതിരുന്നതെന്നുമാണ് ചെയര്‍പേഴ്‌സന്റെ ആരോപണത്തോട് അനുപമ പ്രതികരിച്ചത്. കുട്ടിയുടെ എല്ലാ വിവരവും ഒപ്പം കൈമാറിയ തിയ്യതിയും പറഞ്ഞിരുന്നെന്നും അനുപമ വിശദീകരിച്ചു.