| Monday, 6th May 2019, 7:31 pm

തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദിച്ചുകൊന്ന സംഭവം; അമ്മയ്‌ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കേസെടുക്കാന്‍ പൊലീസിനു ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം. അമ്മ എറണാകുളത്തു മാനസികരോഗാശുപത്രിയില്‍ ചികിത്സയിലാണ്.

ബാലനീതി നിയമത്തിലെ 75-ാം വകുപ്പുപ്രകാരമാണ് കേസെടുക്കുക. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയോ അതിലൂടെ അവരില്‍ മാനസിക, ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിന്റെ പരിധിയില്‍ വരിക. 10 വര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്നായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം.

കുട്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം അമ്മയെയും അനിയനെയും അമ്മൂമ്മയെയും കട്ടപ്പനയില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും അനുമതിയോടെ മാറ്റിയിരുന്നു. ഗാര്‍ഹികപീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് താത്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്.

അമ്മയുടെ സംരക്ഷണയില്‍ക്കഴിഞ്ഞ കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് നേരത്തേ ശിശുക്ഷേമസമിതിക്കു നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തശ്ശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നായിരുന്നു സമിതി തുടര്‍നടപടികളെടുത്തത്.

We use cookies to give you the best possible experience. Learn more