തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള കേരളത്തിലെ ബി.ജെ.പിയുടെ വിഷയങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെയും വെച്ചിട്ടില്ലെന്ന ബി.ജെ.പി കേന്ദ്രനേതൃതത്തിന്റെ വാദം തള്ളി സി.വി. ആനന്ദബോസ്. കേരളത്തിലെ ബി.ജെ.പിയെക്കുറിച്ച് താന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സി.വി. ആനന്ദബോസ് പറഞ്ഞത്.
ദ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു സി.വി. ആനന്ദബോസിന്റെ പ്രതികരണം.
സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞത്.
ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ചില വ്യക്തികള്‍ അത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ മൂന്നംഗ സമിതിയെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറാകണം,’ അരുണ്‍ സിംഗ് പറഞ്ഞു.
സി.വി. ആനന്ദബോസും, ജേക്കബ് തോമസും റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സി.വി. ആനന്ദബോസ് തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതിലടക്കം പ്രാദേശിക-സംസ്ഥാന നേതാക്കള്‍ക്കുള്ള അഭിപ്രായങ്ങളും പരാതികളും പ്രതിപാദിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ കുഴല്‍പ്പണ ഇടപാട്, മഞ്ചേശ്വരം, സി.കെ. ജാനു വിവാദങ്ങളില്‍ പെട്ടു കിടക്കുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം തീരുമാനമെടുക്കുകയും ചെയ്തിരുന്നു.