ന്യൂദല്‍ഹി: നോട്ട് പ്രതിസന്ധി തുടരുന്നതിനിടെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ നീക്കത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പുതിയ നിര്‍ദേശവുമായി ബാങ്കുകള്‍.
സൗജന്യ എ.ടി.എം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്നാണ് ബാങ്കുകളുടെ നിര്‍ദേശം. ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചത്.
ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് ബാങ്കുകള്‍ പറയുന്നത്. എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം ഇപ്പോള്‍ ഉണ്ടെന്നും സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും വീതംഎ.ടി.എം ഇടപാടുകളുമാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല് 23 രൂപ വീതമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.
നേരത്തെ മുംബൈ, ന്യൂദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിര്‍ദേശം.
അതേസമയം നോട്ട് നിരോധനത്തിനുശേഷം സംസ്ഥാനത്തെ പകുതിയില്‍ അധികം എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥയിലും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി കൊളള തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സെക്രൂരിറ്റി ഇല്ലാത്ത എ.ടി.എമ്മുകള്‍ നിരവധിയാണ്. എ.ടി.എമ്മില്‍ പണമുണ്ടോ എന്ന് നോക്കണമെങ്കില്‍ കാര്‍ഡ് ഇടണം, പണമില്ലെങ്കിലും അക്കൗണ്ടില്‍ നിന്നും 23 രൂപ പോയിക്കിട്ടും. ബാലന്‍സ് നോക്കിയാലും ഇതു തന്നെ അവസ്ഥയാണെന്നും പ്രതിഷേധമുണ്ട്. .
സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോഴും 2,000 രൂപ മാത്രമാണുള്ളത്. രണ്ടായിരത്തില്‍ താഴെയുള്ള നോട്ട് ലഭ്യമാണോ എന്നറിയാന്‍ ഒന്നിലേറെ തവണ ശ്രമിക്കേണ്ടി വരും. ഒരു ദിവസത്തെ പരമാവധി തുകയുടെ പരിധി 4,500 രൂപയും ഒരാഴ്ച 25,000 രൂപയുമായിരിക്കെ ഒരു മാസത്തിനിടെ എ.ടി.എമ്മുകളെ ഒട്ടേറെ തവണ ആശ്രയിക്കാതെ നിവൃത്തിയില്ല.
ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്.ബി.ടി, എസ്.ബി.ഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു.