തിരുവാരൂര്‍: വിദ്യാര്‍ത്ഥിപക്ഷ നിലപാടുകളെടുത്തതിന്റെ പേരില്‍ അധ്യാപികമാരെ പുറത്താക്കിയ തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. ഇംഗ്ലീഷ് വിഭാഗത്തിലെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന എ. അഴി അരസി, എസ്. ശരണ്യ എന്നീ അധ്യാപികമാരെയാണ് “സര്‍വകലാശാലയുടെ അച്ചടക്കത്തിന് എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു” എന്നാരോപിച്ച് മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെ അധികൃതര്‍ പിരിച്ചു വിട്ടത്.
എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഇവര്‍ വനിതാ ഹോസ്റ്റലിലെ സൗകര്യക്കുറവുകളെക്കുറിച്ച് ചീഫ് വാര്‍ഡന് കത്തെഴുതിയതിന്റെയും, സര്‍വകലാശാലയിലെ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് രാത്രി 9ന് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്തതിന്റെ പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ സമരത്തെ തുടര്‍ന്ന് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയപരിതി പ്രത്യക ഉപാധികളോടെ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ പുറത്താക്കിയ അധ്യാപകരുടെ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതെ തുടര്‍ന്നാണ് സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിളുടെ പിന്തുണയോടെ ഇംഗ്ലീഷ് വിഭാഗത്തില്‍ പെട്ട പത്തു വിദ്യാര്‍ത്ഥികള്‍ ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചത്.
നിരാഹാരം ഇരുന്ന വിദ്യാര്‍ത്ഥികളില്‍ പലരുടേയും നില ഗുരുതമാണെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പി.ജി വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു. “നിരാഹാരം കിടന്നവരില്‍ പലര്‍ക്കും ശാരീരിക അസ്വാസ്ത്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവരെ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകുന്നതു വരെ ഞങ്ങള്‍ സമരവുമായി മുന്നോട്ടു പോകും. സമരത്തിനിടെ സര്‍വകലാശാല റെജിസ്ട്രാര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചെങ്കിലും അധ്യാപകരെ തിരിച്ചെടുക്കില്ലെന്ന നിലപാടായിരുന്നു അവരുടേത്”-വിദ്യാര്‍ത്ഥി പറയുന്നു.
വിദ്യാര്‍ത്ഥികളുടെ ശക്തമായ പിന്തുണ സമരത്തിന് ഉണ്ടായിരുന്നതായും, എന്നാല്‍ അതാത് വിഭാഗങ്ങളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. “സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും മറ്റും പേര് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്”- വിദ്യാര്‍ത്ഥി പറയുന്നു.
അച്ചടക്കലംഘനവും, മാന്യതയില്ലാത്ത പെരുമാറ്റവുമാണ് ഇവരെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് സര്‍വകലാശാല റെജിസ്ട്രാര്‍ എസ്. ഭുവനേശ്വരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
വലതു പക്ഷ സംഘടനായ എ.ബി.വി.പി അംഗമായ സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ സര്‍വകലാശാലയില്‍ ജോലി നോക്കുകയും ചെയ്യുന്ന വ്യക്തി, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കൂട്ടി നില്‍ക്കുന്നതായും സര്‍വകലാശാലയില്‍ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇയാളുടേതടക്കം സര്‍വകലാശയില്‍ നടക്കുന്ന നിയമനങ്ങള്‍ പലതും അനധികൃതമാണെന്നും, അധികൃതര്‍ സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും കുറിപ്പില്‍ പറയുന്നു.
അധ്യാപകരെ പുറത്താക്കിയ സര്‍വകലാശാല അധികൃതരുടെ നടപടിയെ എസ്.എഫ്.ഐ തമിഴ്‌നാട് സ്റ്റേറ്റ് കമ്മറ്റി അപലപിക്കുകയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.