കോപ്പ അമേരിക്കയുടെയും യൂറോ കപ്പിന്റെയും ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമെല്ലാം വീണ്ടും തങ്ങളുടെ ദേശീയ ടീമിനുവേണ്ടി പോരാട്ടത്തിന് ഇറങ്ങി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന ഒരു പോസ്റ്റുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഫിഫ.
കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോ, മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ കേരളത്തിലെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്നു.
ഈ കട്ടൗട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെ കേരളത്തിലെ ഫുട്‌ബോള്‍ ആവേശം നിറയ്ക്കുന്ന ഈ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഫിഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ രണ്ടു വര്‍ഷത്തിനിപ്പുറം വീണ്ടും ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഫിഫ ഈ ചിത്രം വീണ്ടും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
‘മെസി, റൊണാള്‍ഡോ, നെയ്മര്‍ ഇവര്‍ മൂന്നു പേരും ആണെന്റെ ഹീറോസ്, ആരാണ് നിങ്ങളുടെ ഹീറോ?’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഫിഫ ഈ ചിത്രം പോസ്റ്റ് ചെയ്തത്.
ഇതിനോടകം തന്നെ ഈ പോസ്റ്റ് വന്‍തോതില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വീണ്ടും വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. പോസ്റ്റിനു താഴെ ധാരാളം രസകരമായ കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് മികച്ച തുടക്കമാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും നേടിയത്.
ഈ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതിന് പിന്നാലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറു മത്സരങ്ങള്‍ കളിക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു.
മറുഭാഗത്ത് മെസി അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്. നാളെ മുതലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരെയാണ് മെസിയും കൂട്ടരും ബൂട്ടുകെട്ടുന്നത്.
കോപ്പയ്ക്ക് മുന്നോടിയായി നടന്ന ഗ്വാട്ടിമാലക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു മെസി നടത്തിയത്.
അതേസമയം ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഈ കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യതയില്‍ ഉറുഗ്വായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്‌ബോളില്‍ നിന്ന് നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.
Content Highlight: Cut out of Lionel Messi, Neymar and Cristiano Ronaldo in Kerala shared by FIFA