ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ്
Kerala News
ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 9:58 am

തിരുവനന്തപുരം: കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത നടപടിയില്‍ കെ. ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കഴാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്.

ഖുര്‍ആന്‍ കൊണ്ട് വന്നത് നികുതി ഇളവിലൂടെയാണെന്നും വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചെന്നുമാരോപിച്ചാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്.

നേരത്തെ എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റും ജലീലീനെ ചോദ്യം ചെയ്തിരുന്നു. സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലായിരുന്നു ജലീലിനെ ഇ. ഡി ചോദ്യം ചെയ്തത്. ജലീലിന്റെ മൊഴി തൃപ്തികരമാണെന്നായിരുന്നു ഇ. ഡി ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞത്.

സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ. ഡി അറിയിച്ചിരുന്നു.

ഇ.ഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീല്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ഇ.ഡി അറിയിച്ചിരുന്നു.

ഖുറാന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടു. ഖുറാനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കെ.ടി ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ഇ.ഡിയും നടത്തിയത്.
താന്‍ തെറ്റ് ചെയ്തില്ലെന്നും കെ. ടി ജലീല്‍ ആവര്‍ത്തിച്ചിരുന്നു. ഏത് കേന്ദ്ര ഏജന്‍സിക്കും തന്റെ വീട്ടില്‍ വന്ന് റെയ്ഡ് നടത്താമെന്നും തനിക്ക് അതില്‍ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏത് രേഖകള്‍ വേണമെങ്കിലും തന്റെ വീട്ടില്‍ വന്ന് കൊണ്ട് പോകട്ടെയെന്നും പരിശോധിക്കട്ടെയെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Customs will question K T Jaleel on Monday