| Sunday, 12th July 2020, 1:36 pm

സ്വപ്‌നയുമായും സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധം; സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന്റെ ആസൂത്രണം നടന്നത് മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചെന്ന് കസ്റ്റംസ്.

ശിവശങ്കറിന് സ്വപ്നയുമായും സന്ദീപുമായും അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് പുറത്തു വിട്ടു. അതേസമയം കള്ളക്കടത്തുമായി ശിവശങ്കറിന് നേരിട്ട് ബന്ധമില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.

ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ ആസൂത്രണം നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരങ്ങള്‍. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ഇടനിലക്കാരുമായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരും ഫ്‌ളാറ്റില്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സന്ദര്‍ശക ഡയറിയടക്കം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെയും സന്ദീപ് വാര്യരെയും കഴിഞ്ഞ ദിവസം എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും ബംഗളൂരിവില്‍ നിന്ന കൊച്ചിയിലേക്ക് കൊണ്ട് വരികയാണ്.

കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റമീസിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നാണ് റമീസിനെ കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് പ്രതികളുള്ള കേസിലെ മറ്റു നാലു പ്രപതികളെ പിടികൂടിയെങ്കിലും റമീസ് ഒളിവിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ എത്തിയായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് ഇയാള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more