| Thursday, 30th July 2020, 8:07 pm

സ്ഥലം മാറ്റിയത് രാജ്യാന്തര പുരസ്‌കാരം നേടിയ മികച്ച ഉദ്യോഗസ്ഥനെ

ജിതിന്‍ ടി പി

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിനിടെ സ്ഥലം മാറ്റിയ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി.രാജന്‍ രാജ്യാന്തര പുരസ്‌കാര ജേതാവ്. ഈ വര്‍ഷത്തെ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് അനീഷിനായിരുന്നു.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പിടിച്ച സ്വര്‍ണക്കടത്തിന്റെ പത്തുശതമാനവും കൊച്ചി കമ്മിഷണറേറ്റിന്റെ സംഭാവനയാണ്. ഭരണപരമായ ഒട്ടേറെ പുതുമകള്‍ നടപ്പാക്കുന്നതില്‍ വഹിച്ച പങ്കാണ് പുരസ്‌കാരനേട്ടത്തിനര്‍ഹമാക്കിയത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളുടേയും കൊച്ചി തുറമുഖത്തിന്റേയും ഇന്റലിജന്‍സിന്റേയും പ്രിവന്റീവിന്റേയും ചുമതല അനീഷിനുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായത് കൊണ്ടാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ അധികാരങ്ങള്‍ കൊടുത്തതെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇത്രയും ചുമതലകള്‍ അദ്ദേഹം വഹിക്കാനുണ്ടായ കാരണം സുമിത് കുമാറുമായുള്ള കൂട്ടുകെട്ടും ഇതുവരെ തെളിയിക്കാത്ത എല്ലാ കേസുകളും തെളിയിക്കുകയും ചെയ്തിട്ടാണ്. വലിയ മാറ്റമാണ് അദ്ദേഹത്തിന്റെ കാലയളവില്‍ കേരളത്തില്‍ ഉണ്ടാക്കിയത്’, ഹരീഷ് വാസുദേവന്‍ പറഞ്ഞു.

2015 മുതലുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട പോസ്റ്റിലിരിക്കുന്ന കസ്റ്റംസിലെ ഉദ്യോഗസ്ഥരെ ടെര്‍മിനേറ്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം കസ്റ്റംസ് തീരുമാനിക്കുകയും ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക് കസ്റ്റംസിന്റെ അന്വേഷണം തിരിയുന്നത് സുമിത് കുമാറും അനീഷും ഉള്ള ടീം ചേര്‍ന്നതോടെയാണെന്നും ഹരീഷ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പ് കസ്റ്റംസിന് സ്വന്തമായിരുന്ന വസ്തുവകകള്‍ പലതും അന്യാധീനത്തിന്റെ വക്കിലായിരുന്നു. ഇതില്‍ ഭൂരിഭാഗവും മികച്ചനിലയില്‍ വീണ്ടെടുത്ത് സംരക്ഷിക്കാനായത് ഈ ടീം വന്നതിന് ശേഷമാണ്.

കടല്‍ പരിശോധന ശക്തമാക്കാന്‍ പാകത്തില്‍ ഫ്‌ലോട്ടിങ് ജെട്ടിയും വിമാനത്താവളങ്ങളില്‍ കൂടുതല്‍ കൃത്യമായ പരിശോധനയ്ക്ക് ‘ഹോള്‍ ബോഡി സ്‌കാനറും സ്ഥാപിക്കാനുള്ള നീക്കത്തില്‍ അനീഷ് ഉണ്ടായിരുന്നു. കസ്റ്റംസ് പ്രവര്‍ത്തനത്തിന്റെ ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി മികച്ച പ്രകടനമാണ് കൊച്ചി കമ്മിഷണറേറ്റിന് കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

സ്വച്ഛ്ഭാരത് പദ്ധതിയില്‍ ജില്ലയിലെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പല അടിസ്ഥാന സൗകര്യങ്ങെത്തിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിരുന്നു. പൊതുജനങ്ങളുടെയിടയില്‍ കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ പാകത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അനീഷും സുമിതും ഉള്‍പ്പെട്ട ടീമിനായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലും അനീഷിനെതിരെ ഒരാക്ഷേപവും ആരും ഉന്നയിച്ചിട്ടില്ലെന്നും ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഈ കേസന്വേഷണം കൃത്യമായി മുന്നോട്ടുപോയാല്‍ ജ്വല്ലറി ഗ്രൂപ്പുകളിലേക്കെത്തും എന്നുള്ള സ്ഥിതിയിലാണ് അന്വേഷണസംഘത്തില്‍ നിന്ന് അനീഷിനെ മാറ്റിയത്. ഇന്ത്യയില്‍ കസ്റ്റംസ് ഏറ്റെടുത്തിട്ടുള്ള ഒരു കേസും എന്‍.ഐ.എ ഏറ്റെടുത്തിട്ടില്ല’

അത്തരത്തിലുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റുക എന്ന് പറയുന്നത് ശരിക്കും കേസിനെ ദോഷകരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രസിഡണ്ട് അനീഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതിനാല്‍ സ്ഥലം മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നതില്‍ സംശയമില്ലെന്നും ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തില്‍ കേസന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെയാണ് അനീഷിനെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയത്.

കേസിലെ പ്രധാനപ്രതികളിലൊരാളായ സ്വപ്ന സുരേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. അനീഷ് തന്നെയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.

ചോദ്യം ചെയ്യല്‍ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്ഥലം മാറ്റം. കേസന്വേഷണത്തില്‍ പകരക്കാരനെ നിശ്ചയിക്കാതെയാണ് മാറ്റുന്നത്. സ്വപ്ന സുരേഷിനെ ആര് ചോദ്യം ചെയ്യുമെന്നും നിശ്ചയിച്ചിട്ടില്ല.

അനീഷ് പി. രാജനെ നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഇന്നുതന്നെ കേരളത്തില്‍ നിന്നും ചുമതലയൊഴിയണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ടാണ് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തേക്ക് കേന്ദ്രം ഉത്തരവ് കൈമാറിയത്. ഇന്നാണ് അനീഷിന് ഉത്തരവ് കൈമാറിയത്. അടുത്ത മാസം പത്തിന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അനീഷ് പി രാജനായിരുന്നു. ഫൈസല്‍ അടക്കമുള്ള ആളുകളിലേക്ക് അന്വേഷണമെത്തിച്ചതും ഇദ്ദേഹമായിരുന്നു.

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ശ്രമങ്ങളുണ്ടായെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ അനീഷ് പി രാജനോട് പ്രതികരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനീഷ് പി രാജന് ഇടതുബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യം മന്ത്രാലയം ഇടപെട്ട് സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ അനീഷ് പി. രാജന്‍ 2008 ബാച്ച് ഐ.ആര്‍.എസുകാരനാണ്. പഠനകാലത്ത് മികച്ച നര്‍ത്തകനായും കലാപ്രതിഭയായും പേരെടുത്ത ഈ 37-കാരന്‍ കൊച്ചിയില്‍ നടന്ന വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിലും തന്റെ കലാവിരുത് പ്രകടമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more