കോഴിക്കോട്: ക്ലബ്ഹൗസ് ആപ്പിന്റെ പ്രവര്‍ത്തനം അല്‍പ്പ സമയം തടസ്സപ്പെട്ടതായി ഉപഭോക്താക്കളുടെ പരാതി. ക്ലബ് ഹൗസിലെ റൂമുകളില്‍ കയറാന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. റൂമില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ എന്ന് ചുവപ്പ് നിറത്തിലുള്ള ബാനറില്‍ എഴുതി കാണിക്കുകയായിരുന്നു.
പ്രവര്‍ത്തനം തസ്സപ്പെട്ടതിനെക്കുറിച്ച് ഇതുവരെ ആപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്ഹൗസ്. നിരവധി ചര്‍ച്ചകളാണ് ഈ പ്ലാറ്റ്‌ഫോമില്‍ നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗണിലാണ് ക്ലബ്ഹൗസ് അവതരിക്കപ്പെടുന്നത്. അന്ന് ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു ഇത് ലഭ്യമായിരുന്നത്. വലിയ തോതില്‍ ജനപ്രീതി ലഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ഈ മെയ് 21 മുതല്‍ ആന്‍ഡ്രോയിഡിലും സര്‍വീസ് തുടങ്ങി.
അതിന് ശേഷമാണ് ഇപ്പോള്‍ വലിയതോതില്‍ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്റെ പ്രത്യേകതകളും മറ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
പല സംഘടനകളും ക്ലബുകളും ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്. മലയാളികളുടെ വന്‍തിരക്കാണ് ക്ലബ്ഹൗസില്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.