| Wednesday, 28th December 2022, 6:46 pm

'വെജ് ബിരിയാണിയില്‍ ചിക്കന്റെ എല്ല്'; ഹോട്ടലുടമക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഓര്‍ഡര്‍ ചെയ്ത വെജ് ബിരിയാണിയില്‍ ചിക്കന്റെ എല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്കെതിരെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആല്‍ബ ബാരിസ്റ്റോ എന്ന റെസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ആകാശ് ദുബൈ എന്ന വ്യക്തിയാണ് ഹോട്ടല്‍ ഉടമയായ സ്വപ്‌നില്‍ ഗുജറാത്തിക്കെതിരെ പരാതി നല്‍കിയത്.

സസ്യാഹാരിയായ ആകാശ് ഓര്‍ഡര്‍ ചെയ്ത വെജ് ബിരിയാണിയില്‍ ചിക്കന്റെ എല്ലുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആകാശ് കൊടുത്ത പരാതിയില്‍ ഹോട്ടലുടമയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് ആദ്യം റസ്റ്റോറന്റ് മാനേജറോടും സ്റ്റാഫിനോടും ആകാശ് ദുബൈ പരാതി നല്‍കിയിരുന്നു. പിന്നാലെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ആകാശിനോട് മാപ്പ് പറഞ്ഞെങ്കിലും ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

വിജയ് നഗര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 298 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതി്ന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായ പറഞ്ഞു.

Content Highlight: Customer finds bones in veg biryani in Indore restaurant; owner booked

We use cookies to give you the best possible experience. Learn more