ന്യൂദല്‍ഹി: ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ.
അമിത് ശുക്ലയെന്ന യുവാവായിരുന്നു അഹിന്ദുവായ ആളെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. തുടര്‍ന്ന് സൊമാറ്റോക്കെതിരെ ഇയാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
”സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഇയാളുടെ ട്വിറ്റര്‍ ബയോ.
എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി.
‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചത്.
ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരക്കാരുടെ വര്‍ഗീയ നിലപാടിനെതിരെ പ്രതികരിച്ച സൊമാറ്റോയ്ക്ക് നന്ദി എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇയാളെപ്പോലുള്ള ഉപഭോക്താക്കളെ നിങ്ങള്‍ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും അവര്‍ ഒരു പാഠം പഠിക്കട്ടെ. ഭക്ഷണപ്രേമികള്‍ക്കിടയില്‍ മതപരമായ വിദ്വേഷം വളര്‍ത്തുന്നവര്‍ക്ക് ഒരു സ്ഥാനവുമുണ്ടാവില്ലെന്നും ട്വിറ്ററില്‍ ചിലര്‍ കുറിച്ചു.
എന്റെ അടുത്ത അഞ്ച് ഓര്‍ഡറും സൊമാറ്റോയ്ക്കാണെന്നും ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നുമാണ് മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.
നന്ദി സൊമാറ്റോ, ഇത്തരം വിഡ്ഡികള്‍ക്ക് വഴങ്ങുന്നത് അവരെ കൂടുതല്‍ ശക്തരാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മറ്റൊരു പ്രതികരണം.
നിങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കേണ്ടതുണ്ട്. സ്വിഗ്ഗിയും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യാഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്താണെന്ന് ഇയാളെപ്പോലുള്ളവര്‍ അറിയണം എന്നായിരുന്നു മറ്റൊരു പ്രതികരണം.
ഇത് 2019 ആണ്, ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.