കസ്റ്റഡി മരണം: രാജ്കുമാര്‍ ഉരുട്ടലിന് ഇരയായെന്ന് സൂചന; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അരയ്ക്ക് താഴേക്ക് ചതവുകളും മുറിവും
Kerala
കസ്റ്റഡി മരണം: രാജ്കുമാര്‍ ഉരുട്ടലിന് ഇരയായെന്ന് സൂചന; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അരയ്ക്ക് താഴേക്ക് ചതവുകളും മുറിവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2019, 11:53 am

ഇടുക്കി: പീരുമേട് കസ്റ്റഡി മര്‍ദ്ദനത്തില്‍ മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉരുട്ടലിന് വിധേയനായെന്ന് സൂചന. രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇവയില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്കും പരിക്കേറ്റു. ഇക്കാര്യങ്ങളാണ് രാജ്കുമാര്‍ ഉരുട്ടലിനോ സമാനമായ ക്രൂരമര്‍ദ്ദനത്തിനോ വിധേയനായെന്ന സൂചനകള്‍ നല്‍കുന്നത്. മാതൃഭൂമിയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ വസ്തുതകള്‍ പുറത്തുവിട്ടത്.

തുടയുടെ പിന്‍ ഭാഗത്താണ് ചതവുകളുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം ചതവുകളുണ്ട്. കൂടാതെ, നാല് വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിട്ടുണ്ട്.

മര്‍ദ്ദനം കൈകൊണ്ടല്ല പകരം മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടുള്ളുള്ളതാണ്. അരയ്ക്ക് കീഴ്പോട്ടുള്ള ചതവുകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതലായും വ്യക്തമാവുന്നത്. അതിനിടെ രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ടാവാം എന്ന വാദം പൊലീസ് ഉന്നയിച്ചിരുന്നു. എന്നാല്‍, നാട്ടുകാര്‍ മര്‍ദ്ദിച്ചതായിരുന്നെങ്കില്‍ അരയ്ക്ക് മുകളിലാണ് പരിക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മരണകാരണം ന്യൂമോണിയ ആണെങ്കിലും പോലീസിന്റെ മര്‍ദ്ദനമുറകളാണ് മരണത്തിന് പിന്നിലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഭക്ഷണം ലഭിക്കാതെ ക്രൂരമായി മര്‍ദ്ദിച്ചത് ന്യൂമോണിയയിലേക്ക് നയിച്ചേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം, കൊലപാതകത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പരിശോധിച്ച ഡോക്ടര്‍ നിഷേധിച്ചു. അരയ്ക്കുതാഴെ വേദനയുമായി വന്ന രാജ്കുമാറിനെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. നടക്കാന്‍ വയ്യാത്ത രാജ്കുമാറിനെ ആംബുലന്‍സിലെത്തിയാണ് പരിശോധിച്ചത്. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് പ്രത്യേകം റെഫര്‍ ചെയ്തതാണെന്നും ഡോക്ടര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

രാജ്കുമാറിനെ പതിനെട്ടാം തിയതി രാവിലെയാണ് പീരമേട് സബ് ജയിലില്‍ നിന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അന്ന് പരിശോധിച്ച ഡോക്ടര്‍ മരുന്ന് കഴിച്ച് കുറവില്ലെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെന്നായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്.

ഇടുപ്പിന്റെ താഴെ നിന്ന് പാദംവരെ കാലിന് നീരുണ്ടായിരുന്നു. മരുന്ന് കൊടുത്തു ഇന്‍ജക്ഷന്‍ എടുത്ത് അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ റെഫര്‍ ചെയ്യുകയായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. മെഡിക്കല്‍ കോളെജിലെ ഓര്‍ത്തോ വിഭാഗത്തില്‍ കാണിക്കണമെന്നും പ്രത്യേകം പറഞ്ഞിരുന്നതായും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ രാജ് കുമാറിനെ ഓര്‍ത്തോ വിഭാഗത്തില്‍ കാണിച്ചതിനോ, സൂപ്രണ്ട് പറഞ്ഞ തിയതികളില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിനോ രേഖകള്‍ ഇല്ല.

കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളും പുറത്തായി. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ് കുമാറിന് ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നും ഇയാളെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും പൊലീസ് പറയുന്നത്. എന്നാല്‍, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.