തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.യു മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ചും നിയമസഭയില്‍ വാക്‌പോരുണ്ടായി
കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷം പിണറായി വിജയനെ കുറ്റപ്പെടുത്തി. ആളുകളെ കൊന്നാല്‍ സംരക്ഷിക്കാന്‍ ആളുണ്ടെന്ന തോന്നല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നും പൊലീസിലെ കൊള്ളരുതായ്മകള്‍ കണ്ടെത്തി നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തുടര്‍ന്ന്, പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ് നിന്ന് സഭ നിയന്ത്രിക്കുകയായിരുന്നു.
എന്നാല്‍, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.