| Sunday, 8th December 2024, 2:46 pm

കസ്റ്റഡി മര്‍ദനക്കേസ്; മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുറ്റവിമുക്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: കസ്റ്റഡി മര്‍ദനക്കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. പോര്‍ബന്തറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കിയത്.

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 1997ല്‍ ഫയല്‍ ചെയ്യപ്പെട്ട കസ്റ്റഡി മര്‍ദനക്കേസിലാണ് സഞ്ജീവ് ഭട്ട് കുറ്റവിമുക്തനായിരിക്കുന്നത്.

സഞ്ജീവ് ഭട്ട് പോര്‍ബന്ധറില്‍ എസ്.പി ആയിരിക്കുന്ന കാലത്താണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയ ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് സഞ്ജീവ് ഭട്ടിനെതിരെ കേസെടുത്തിരുന്നത്.

നരണ്‍ ജാദവ് നല്‍കിയ പരാതിയിലാണ് സഞ്ജീവ് ഭട്ടിനും കോണ്‍സ്റ്റബിള്‍ വാജുഭായ് ചൗവിനുമെതിരെ കേസെടുത്തത്. കസ്റ്റഡിയില്‍ വെച്ച് ശാരീരികമായും മാനസികമായും ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നായിരുന്നു ജാദവിന്റെ പരാതി. ഉദ്യോഗസ്ഥര്‍ തന്റെ ശരീരത്തില്‍ ഷോക്കേല്‍പ്പിച്ചതായും ജാദവ് പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേസ് ഫയല്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, 2013 ഏപ്രില്‍ 15നാണ് ഭട്ടിനും ചൗവിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി പൊലീസിനോട് ഉത്തരവിട്ടത്.

നിലവില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സഞ്ജീവ് ഭട്ട് ഇപ്പോള്‍ രാജ്കോട്ട് ജയിലില്‍ കഴിയുകയാണ്. കസ്റ്റഡി മര്‍ദനക്കേസില്‍ ജീവപര്യന്തം തടവിനും 1996ലെ മയക്കുമരുന്ന് കേസില്‍ 20 വര്‍ഷത്തെ തടവിനും സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടിരുന്നു.

Content Highlight: custodial torture case; Ex-IPS officer Sanjeev Bhatt acquitted

We use cookies to give you the best possible experience. Learn more